ശിവകാര്‍ത്തികേയന്‍റെ സിനിമാജീവിതത്തില്‍ പുത്തനുണര്‍വാണ് ‘അമരന്‍’ നല്‍കുന്നത്. ഈ ദീപാവലി തനിക്കുള്ളതാണെന്ന് ശിവകാര്‍ത്തികേയന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നത്. ആ വാക്കുകള്‍ ഇപ്പോള്‍ സത്യമാകുന്നു. ഒറ്റദിവസം കൊണ്ട് 21 കോടിരൂപയിലധികം ചിത്രം വാരിക്കൂട്ടിയെന്നാണ് കണക്കുകള്‍.
തമിഴ്നാട്ടില്‍ നിന്നു മാത്രം 15 കോടി ചിത്രത്തിന് ലഭിച്ചു. വിജയ് ചിത്രം ‘ഗോട്ട്’ രജനികാന്തിന്‍റെ ‘വേട്ടയന്‍’ കമല്‍ഹാസന്‍റെ ‘ഇന്ത്യന്‍ 2’ എന്നീ സിനിമകളെക്കാള്‍ തുക റിലീസ് ദിനത്തില്‍ തന്നെ അമരന്‍ നേടി. കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്‍റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും ഭാര്യ ഇന്ദു റെബേക്കയായി സായ് പല്ലവിയുമാണ് എത്തിയത്. രാജ്‌കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അസാമാന്യ ധൈര്യശാലിയായ ഒരു പട്ടാളക്കാരനും അയാളുടെ പ്രണയവും ജീവിതവും മരണവുമെല്ലാം പ്രേക്ഷകഹൃദയത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതാണ്. ശിവകാര്‍ത്തികേയന്‍റെ കരിയര്‍ ബെസ്റ്റില്‍ ഒന്നായിരിക്കും ഈ സിനിമ എന്നാണ് ഭൂരിഭാഗം റിവ്യൂകളും എത്തുന്നത്. നായകനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ സായി പല്ലവി കാഴ്ചവച്ചിരിക്കുന്നത്. ‘ഹൃദയസ്പര്‍ശി’ എന്ന ഒറ്റവാക്കാണ് അമരന്‍ കണ്ടവര്‍ക്കെല്ലാം പറയാനുള്ളത്.
സിനിമ വിജയമാകുമെന്ന് ശിവകാര്‍ത്തികേയന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം ചിത്രത്തിന്‍റെ പ്രൊമോഷന്‍ സമയത്ത് റേഡിയോ മാംഗോയോട് പറഞ്ഞ കാര്യങ്ങളും വൈറലാണ്.
ശിവകാര്‍ത്തികേയന്‍റെ വാക്കുകള്‍;
'എന്‍റെയും ദുൽഖറിനെയും കരിയർ തമ്മിൽ ഒരു കോമൺ ഫാക്ടർ ഉണ്ട്. ഞങ്ങൾ രണ്ട് പേരുടെയും ആദ്യ സിനിമ പുറത്തിറങ്ങിയത് ഒരേ ദിവസമാണ്. 2012 ഫെബ്രുവരി മൂന്നിനാണ് എന്‍റെ ആദ്യത്തെ ചിത്രം മറീനയും ദുൽഖറിന്‍റെ സെക്കന്‍റ് ഷോയും റിലീസായത്. ദുൽഖറിന്‍റെ സിനിമകൾ വിജയിക്കുമ്പോഴെല്ലാം എനിക്ക് വളരെ സന്തോഷമാണ്. അദ്ദേഹത്തിനും തിരിച്ച് അങ്ങനെ തന്നെയാണ്'.