TOPICS COVERED

സ്ക്രീനിലും പുറത്തും ആരാധകര്‍ ഏറെയുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരു സിനിമാക്കഥ പോലുള്ള ഇരുവരുടെയും പ്രണയവും ഒന്നിക്കലും ജീവിതവും എന്തിനേറെ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പോലും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ജ്യോതികയെക്കുറിച്ചും മക്കളെക്കുറിച്ചും ഒരു അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് സൂര്യ. 

തന്‍റെ ഭാര്യയും കുട്ടികളുടെ അമ്മയുമായപ്പോള്‍ ജ്യോതികയ്ക്ക് പല കാര്യങ്ങളും എത്തിപ്പിടിക്കാനായില്ല. അതില്‍ അറിഞ്ഞുകൊണ്ടല്ലെങ്കിലും താനും ഒരു കാരണമാണ്. എന്നാല്‍ ആ തിരിച്ചറിവ് വൈകിയാണ് വന്നതെന്ന് താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. കുടുംബത്തെക്കുറിച്ചും മുംബൈയിലേക്ക് താമസം മാറിയതിനെക്കുറിച്ചുമെല്ലാം സൂര്യ മനസ്സുതുറന്നിട്ടുണ്ട്. 

‘എന്‍റെ ഭാര്യ എന്‍റെ നല്ല പങ്കാളിയും കൂട്ടുകാരിയുമാണ്. എന്‍റെ വഴികാട്ടിയാണ്. ജോയെപ്പോലെ നല്ലയൊരാളാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. 18–19 വയസ്സുള്ളപ്പോള്‍ അഭിനയത്തിലേക്ക് എത്തിയതാണ് ജ്യോതിക. 27 വര്‍ഷമായി ചെന്നൈയില്‍ തന്നെയാണ്. എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടിയാണ് ജോ ഇതുവരെ എല്ലാം ചെയ്തിരിക്കുന്നത്. ജോലി പോലും വേണ്ടെന്നു വച്ചു. എന്നാല്‍ കോവിഡ് കാലം എല്ലാം മാറ്റിമറിച്ചു.

ജോ ഇപ്പോള്‍ മികച്ച സിനിമകളുടെ ഭാഗമാകുന്നു. പുതിയ സംവിധായകരുമായി പ്രവര്‍ത്തിക്കുന്നു. അതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. പുരുഷന് ആവശ്യമുള്ളതെന്തോ അത് സ്ത്രീക്കും ആവശ്യം തന്നെയാണ്. ഈ തിരിച്ചറിവ് എനിക്ക് വൈകിയാണ് വന്നത്. പുരുഷനെപ്പോലെ തന്നെ വെക്കേഷന്‍, കൂട്ടുകാര്‍, സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, ജിം എന്നിങ്ങനെ എല്ലാ കാര്യങ്ങളും അവര്‍ക്കും ആവശ്യമാണ്. 

ഞാന്‍ ജോയെ മാതാപിതാക്കളില്‍ നിന്ന് ഇത്രയും കാലം മാറ്റിനിര്‍ത്തി എന്നതില്‍ കുറ്റബോധമുണ്ട്. ഇപ്പോള്‍ ജോയ്ക്ക് നഷ്ടമായതെല്ലാം അവള്‍ തിരികെ പിടിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മുബൈയിലേക്ക് മാറിയത് ജോയ്ക്ക് ജോയുടെ കുടുംബത്തിനൊപ്പമുള്ള സമയങ്ങള്‍ കൂടിയാണ് തിരികെ നല്‍കുന്നത്. ഞാനിപ്പോള്‍ മുംബൈയിലും ചെന്നൈയിലുമായി നില്‍ക്കുന്നു.

എന്നെ സംബന്ധിച്ച് മാസത്തില്‍ 20 ദിവസം എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാം പക്ഷേ 10 ദിവസം കുടുംബത്തിനൊപ്പമുള്ളതാണ്. ആ സമയത്ത് ജോലി സംബന്ധമായ ഫോണ്‍ കോള്‍ പോലും എടുക്കാറില്ല. മക്കള്‍ക്കൊപ്പം എല്ലാ കാര്യങ്ങളും ആസ്വദിക്കുകയാണ്. മുബൈയിലേക്ക് മാറിയതോടെ അവര്‍ക്ക് സമാധാനമായി പുറത്തിറങ്ങി നടക്കാം. മറ്റുകുട്ടികള്‍ക്കൊപ്പം സന്തോഷമായി, സാധാരണയായി നടക്കാം. വഴിയോരക്കച്ചവടക്കാരില്‍ നിന്ന് വിലപേശി സാധനങ്ങള്‍ വാങ്ങിയെന്ന കാര്യമൊക്കെ അവര്‍ പറയുമ്പോള്‍ സന്തോഷമാണ്. അവരെ സിനിമയ്ക്കോ ഐസ്ക്രീം കഴിക്കാനോ മറ്റുമൊക്കെയായി പുറത്തുകൊണ്ടുപോകുമ്പോള്‍ അതിയായ സന്തോഷമുണ്ട്’ എന്നാണ് സൂര്യ പറഞ്ഞത്.

ENGLISH SUMMARY:

Actor Suriya opens up about Jyothika and their children.