ദീപാവലിക്ക് തൊട്ട് മുന്‍പുള്ള ദിവസം തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച വേട്ടയ്യനെ ദീപാവലി പടക്കം പോലെ പൊട്ടിയ ചിത്രം എന്നാണ് തമിഴ് സിനിമലോകം വിശേഷിപ്പിച്ചത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 24 ദിവസത്തിനുള്ളിൽ വേട്ടയ്യൻ ആകെ നേടിയത് 148.15 കോടി മാത്രമാണ്. 300 കോടി ബജറ്റിലാണ് വേട്ടയാൻ ഒരുങ്ങിയത് ഇതില്‍ വലിയൊരു തുക രജനികാന്തിന്‍റെ ശമ്പളമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വിദേശ കലക്ഷന്‍ കൂടി ചേര്‍ത്ത് ചില ട്രാക്കര്‍മാര്‍ 200 കോടിക്ക് മുകളില്‍ പറയുന്നുണ്ട്. എങ്കിലും ബജറ്റിന് അടുത്ത് ചിത്രം എത്തുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ 10 വർഷത്തിനിടയിലെ രജനികാന്തിന്‍റെ ഇന്ത്യന്‍ ബോക്സോഫീസിലെ ഏറ്റവും വലിയ ഫ്ലോപ്പായി ചിത്രം മാറിയിരിക്കുന്നുവെന്നാണ് അണിയറ സംസാരം.
125 കോടി ബജറ്റിൽ നിര്‍മിച്ചിട്ട് ആകെ 30 കോടി നേടിയ കൊച്ചടൈയാൻ, 100 കോടി ബജറ്റില്‍ നിര്‍മിച്ച് 75 കോടി മാത്രം കിട്ടിയ ലിംഗ, 160 കോടി മുടക്കി 107കോടി പോലും എത്താനാകാതെ പോയ അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങള്‍ രജനിയുടെ കരിയറിലെ വലിയ പരാജയങ്ങളാണ്. അതേ സമയം ചിത്രം നവംബർ 8 ന് ആമസോൺ പ്രൈമിലൂടെ വേട്ടയ്യൻ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. തിയറ്ററിൽ പ്രേക്ഷകർ കൈവിട്ട ചിത്രത്തിന് ഒടിടിയിൽ ചലനമുണ്ടാക്കാൻ സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ ദഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങി വൻ താരനിര ഭാഗമായിരുന്നു.