കങ്കുവയുടെ പരാജയത്തിന് ശേഷം സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 45. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് പൊള്ളാച്ചിയിൽ നടന്നു. നടൻ സൂര്യയും ചടങ്ങിൽ ഭാഗമായിരുന്നു. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം. തൃഷയാണ് സിനിമയിൽ നായികയാകുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ 35 ദിവസത്തെ ഷൂട്ട് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'.
അരുവി, തീരൻ അധികാരം ഒണ്‍ട്ര്, കൈതി, സുൽത്താൻ, ഒകെ ഒരു ജീവിതം തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ഡ്രീം വാരിയർ പിക്ചേഴ്സ്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ എന്നതിലുപരി ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രവുമായിരിക്കും ഇത്. എആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള എ ആർ റഹ്മാന്റെ നാലാം ചിത്രമാണിത്.
അതേസമയം സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി പുറത്തിറങ്ങിയ കങ്കുവയ്ക്ക് ബോക്സ് ഓഫീസിൽ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 350 കോടിയോളം ബജറ്റിലെത്തിയ ചിത്രത്തിന് ആഗോള ബോക്സ് ഓഫീസിൽ 100 കോടി മാത്രമാണ് നേടാനായത്.