നെഗറ്റീവ് റിവ്യൂകള്‍ക്കിടെയിലും സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കങ്കുവയുടെ ആദ്യദിന ആഗോള ഗ്രോസ് മികച്ച നിലയില്‍. 58 കോടി 62 ലക്ഷം രൂപയാണ് ആഗോള ഗ്രോസ് ആയി ചിത്രം ആദ്യദിനം നേടിയത്. കളക്ഷന്റെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവന്നു. സൂര്യയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സംഖ്യയാണെന്നാണ് റിപ്പോര്‍ട്ട്.
ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളിലെത്തിച്ചത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തോടുള്ളത്. സൂര്യയുടെ ഏറ്റവും മോശം ചിത്രം എന്ന തരത്തിലും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം കേരളത്തില്‍ നിന്നും പലരും വിളിച്ച് മികച്ച അഭിപ്രായം പറഞ്ഞെന്ന് സംവിധായകന്‍ ശിവ പറഞ്ഞിരുന്നു.
ബോളിവുഡ് താരം ബോബി ഡിയോൾ ആണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. ദിഷാ പട്ടാണിയാണ് ചിത്രത്തിലെ നായിക. യോഗി ബാബു, കെ എസ് രവികുമാർ, നടരാജൻ സുബ്രമണ്യം, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പഴയ കാലഘത്തിലും പുതിയ കാലഘട്ടത്തിലുമായി രണ്ട് ഭാഗങ്ങളായി കഥ പറയുന്ന ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിലാണ് എത്തുന്നത്.