എട്ടല്ല പതിനാറ് നിലയില്‍ പെട്ടി സൗത്ത് ഇന്ത്യന്‍ സിനിമകളിൽ ഏറ്റവും അധികം നഷ്ടമുണ്ടാക്കിയ ചിത്രം എന്ന ക്രെഡിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ ചിത്രം കങ്കുവ. റീലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 130 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. ഇതോടെ ഏറ്റവും വലിയ നഷ്ടം നേരിട്ട സൗത്ത് ഇന്ത്യന്‍ സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് കങ്കുവ.
ഇതിന് മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് പ്രഭാസ് നായകനായ രാധേ ശ്യാമായിരുന്നു. 2022ല്‍ റിലീസായ ചിത്രം 350 കോടി ബജറ്റിലാണ് ഒരുങ്ങിയത്. എന്നാല്‍ 165 കോടി മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളൂ. നിര്‍മാതാവിന് 130 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം നിർവഹിച്ച ചിത്രമാണ് കങ്കുവ. കേരളം, ആന്ധ്ര-തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി എല്ലായിടത്തും ചിത്രം ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണ്. 10 കോടിയ്ക്ക് കേരള റൈറ്റ്‌സ് വിറ്റുപോയ ചിത്രം ഇതുവരെ ഏഴ് കോടി മാത്രമേ നേടിയിട്ടുള്ളൂ. കോളിവുഡിൽ സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 , രജനികാന്തിന്റെ വേട്ടയ്യൻ തുടങ്ങിയ ചിത്രങ്ങൾ തിയറ്ററിൽ നഷ്ടമായിരുന്നു.
350 കോടി രൂപ ബഡ്ജറ്റില്‍, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ, യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. സൂര്യ കങ്ക, ഫ്രാന്‍സിസ് എന്നീ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണിയാണ്. തമിഴ്‌നാട്ടിലും ഓവര്‍സീസ് മാര്‍ക്കറ്റിലും ഗംഭീര കളക്ഷന്‍ നേടുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.