ശബരിമല പശ്ചാത്തലമായ ഒരു സിനിമകൂടി പ്രേക്ഷകരിലേക്ക്. വെട്രിയെ നായകനാക്കി എം സെൽവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബംമ്പർ’. തമിഴ്, മലയാളം എന്നീ രണ്ടു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം വേദ പിക്ചേഴ്ർസിന്റെ ബാനറിൽ എസ് ത്യാഗരാജ ബി ഇ, ടി ആനന്ദജ്യോതി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
മലയാളി താരങ്ങളായ ഹരീഷ് പേരടിയും സീമ ജീ. നായരും, ടിറ്റോ വിൽസണും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പേര് പോലെത്തന്നെയാണ് കഥാഗതിയും. ബംമ്പർ അടിക്കുന്നത് ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് സിനിമ പറയുന്നത്. ക്രൈം ജോണറിൽ കൂടി സഞ്ചരിക്കുന്ന ബംമ്പർ ഒരു ഫാമിലി ചിത്രം കൂടിയാണ്. പമ്പയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ബംമ്പർ ജനുവരി 3 ന് തിയറ്ററുകളിൽ എത്തും.
തൂത്തുക്കുടിയിൽ താമസിക്കുന്ന പുലിപ്പാണ്ടിയാണ് നായകൻ. കഥാഗതിക്കിടയിലെ ഒരു പ്രധാന സന്ദർഭത്തിൽ പുലിപ്പാണ്ടിയും സുഹൃത്തുക്കളും ശബരിമലയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ഇതിനിടയിൽ സത്യസന്ധനായ ലോട്ടറി കച്ചവടക്കാരൻ ഇസ്മയിലിൽ നിന്ന് പമ്പയിൽ വെച്ച് പുലിപ്പാണ്ടി എടുത്ത ഒരു ബമ്പർ ലോട്ടറി ടിക്കറ്റിന് സമ്മാനം അടിക്കുന്നു, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് കഥ.