റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ അല്ലു അര്‍ജുന്‍റെ പുഷ്പ–2 രാജ്യമെങ്ങും ബോക്സോഫീസില്‍ തരംഗം തീര്‍ക്കുകയാണ്. ആദ്യ ഏഴുദിവസം ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം കലക്ട് ചെയ്തത് 770 കോടി രൂപ. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഇതുവരെ റിലീസ് ചെയ്ത ആദ്യ ആഴ്ച രാജ്യത്തെ തിയറ്ററുകളില്‍ നിന്ന് ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കലക്ഷന്‍! ബാഹുബലി–2, കെജിഎഫ്–2 എന്നിവയുടെ റെക്കോര്‍ഡാണ് ആദ്യവാരത്തില്‍ പുഷ്പ–2 തകര്‍ത്തത്. ബാഹുബലി–2 ആദ്യവാരം 659 കോടി രൂപയും കെജിഎഫ് 578 കോടി രൂപയുമാണ് ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്.
റിലീസ് ചെയ്ത് ഒരുമാസം പൂര്‍ത്തിയായപ്പോള്‍ ബാഹുബലി–2 ഇന്ത്യയില്‍ 1259.50 കോടി രൂപ കലക്ട് ചെയ്തിരുന്നു. കെജിഎഫ്–2 954.50 കോടിയും. ഇപ്പോഴത്തെ പോക്കില്‍ പുഷ്പ–2 ഈ രണ്ട് ചിത്രങ്ങളെയും മറികടക്കുമെന്നുറപ്പ്. ദൈനംദിന കലക്ഷനില്‍ ആഴ്ചയിലെ അവസാന മൂന്നുദിവസം ബാഹുബലിക്ക് പിന്നിലായെങ്കിലും ഓവറോള്‍ നിലയില്‍ 100 കോടിയുടെ വ്യത്യാസം ഇരുചിത്രങ്ങളും തമ്മിലുണ്ട്. പുഷ്പയും കെജിഎഫും തമ്മിലുള്ള കലക്ഷന്‍ വ്യത്യാസം 200 കോടിയാണ്. ഇപ്പോഴത്തെ നിലയില്‍ 510–530 കോടി രൂപ കൂടി പുഷ്പ–2 കലക്ട് ചെയ്തേക്കുമെന്നാണ് അനുമാനം. അതായത് ആകെ 1280–1300 കോടി രൂപയുടെ ലൈഫ് ടൈം കലക്ഷന്‍. അപ്പോഴും ഇന്ത്യയില്‍ 1347 കോടി ലൈഫ് ടൈം കലക്ഷന്‍ നേടിയ ബാഹുബലി–2 തന്നെയാണ് മുന്നില്‍.
ബാഹുബലി–2നെ ലൈഫ് ടൈം കലക്ഷനില്‍ മറികടക്കണമെങ്കില്‍ പുഷ്പ–2ന് ഇനിയുള്ള ദിവസങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തണം. അതിന് ഇനിയും അവസരമുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ക്രിസ്മസ്, ന്യൂ ഇയര്‍ അവധികള്‍ ചിത്രത്തിന് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. അതുണ്ടായാല്‍ മറ്റൊരു ദക്ഷിണേന്ത്യന്‍ ചിത്രം കൂടി കലക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്ന് ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഇടംപിടിക്കും.