തങ്ങളുടെ പഴയ അനിമേഷന്‍ സിനിമകള്‍ ലൈവ് ആക്ഷനായി റീറിലീസ് ചെയ്യുന്നതിന്‍റെ തിരക്കിലാണ് വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ്. അവസാനമായി തങ്ങളുടെ 1937ലെ ക്ലാസിക്കായ സ്നോവൈറ്റ് ആന്ഡ് ദ സെവന്‍ ഡ്വോര്‍ഫ്സായിരുന്നു ഡിസ്നി ലൈവ് ആക്ഷനാക്കിയത്. 240 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ സ്നോവൈറ്റായി കൊളംബിയന്‍ വംശജയായ നടി റേച്ചല്‍ സിഗളറിനെ തെരഞ്ഞെടുത്തത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
സ്നോവൈറ്റ് ജര്‍മന്‍ നാടോടിക്കഥയായതിനാലും പഴയ അനിമേഷന്‍ സിനിമയോട് നീതി പുലര്‍ത്തേണ്ടതിനാലും ഒരു വെള്ളക്കാരിയെ കഥാപാത്രത്തിന് തിരഞ്ഞെടുക്കാതിരുന്നതിനെതിരെ ആയിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്. ഡിസ്നി ക്ലാസിക്കുകളെ ബ്ലാക്ക് വാഷ് ചെയ്യുകയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സിനിമയക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.
ചിത്രത്തിന്‍റെ പ്രഖ്യാപനസമയത്ത് തന്നെ നടി റേച്ചല്‍ സിഗ്ളര്‍ പാലസ്തീന്‍ അനുകൂല നയങ്ങള്‍ സ്വീകരിച്ച് പോസ്റ്റുകളിട്ടിരുന്നു. ഇതിനും വന്‍തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സിനിമ പ്രദർശനത്തിനെത്തുന്ന സമയം നടി രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞത് സിനിമയുടെ റിലീസിനെ ബാധിക്കുമെന്ന് ഡിസ്നിയില്‍ ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ അമേരിക്കന്‍ പ്രസിഡന്‍റഷ്യല്‍ തെരഞ്ഞെടുപ്പ് സമയത്ത് നടി സ്ഥാനാര്‍ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു. ഇതോടെ നടിക്കെതിരെയും സിനിമയ്ക്കെതിരെയും വിമര്‍ശനങ്ങള്‍ ശക്തമായി. തുടര്‍ന്ന് നടി ഇടുന്ന പോസ്റ്റുകള്‍ നിയന്ത്രിക്കാനായി ഡിസ്നി ഒരു സ്വകാര്യ സോഷ്യല്‍ മീഡിയ മാനേജറെയും ഏര്‍പ്പാടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം ഡിസ്നിയുടെ സമീപകാലത്തെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് സ്നോവൈറ്റ്. മാര്‍ച്ച് 21ന് റിലീസ് ചെയ്ത സിനിമ മൂന്ന് ദിവസം കൊണ്ട് 100 മില്യണ്‍ കളക്ഷന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും ദിവസം കൊണ്ട് 87.3 മില്യണ്‍ ഡോളര്‍ മാത്രമാണ് നേടാനായത്. പ്രദേശികമായി ഡിസ്നിക്ക് ഏറ്റവും കുറവ് കളക്ഷന്‍ നേടിയ രണ്ടാമത്തെ ലൈവ് ആക്ഷന്‍ സിനിമയായും സ്നോവൈറ്റ് മാറി. 44.3 മില്യനാണ് പ്രാദേശിക കളക്ഷന്‍. 39 മില്യണ്‍ കളക്ഷനുള്ള മുഫാസ ദ ലയണ്‍ കിങ്ങാണ് ഏറ്റവും പരാജയമായ സിനിമ.
സിനിമയുടെ കളക്ഷന് പുറമെ റിവ്യൂകളും സമ്പൂര്‍ണ പരാജയത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. റോട്ടന്‍ ടൊമാറ്റോസ് 42ശതമാനം മാത്രമാണ് ചിത്രത്തിന് പോസിറ്റീവ് റിവ്യൂ നല്‍കിയത്. ചിത്രത്തിന്‍റെ വലിയൊരു ശതമാനം പരാജയത്തിന് കാരണവും നടിയുടെ രാഷ്ട്രീയ അഭിപ്രായ പ്രകടനവും കാസ്റ്റിങും തന്നെയാണെന്നാണ് നിഗമനം.