വിഷു ചിത്രങ്ങള്‍ക്ക് ആരവമായി മൂന്ന് സിനിമകളാണ് ഇന്ന് തിയറ്ററുകളിലെത്തിയത്. നവാഗതനായ ഡീനോ ഡെന്നിസിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ബസൂക്ക, ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ നസ്‍ലിന്‍ നായകനായ ആലപ്പുഴ ജിംഖാന, നവാഗതനായ ശിവപ്രസാദിന്‍റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ് നായകനായ മരണമാസ്സ് എന്നിവയാണ് അവ. ആദ്യ ഷോകൾ പിന്നിടുമ്പോൾ മൂന്ന് ചിത്രങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ബസൂക്ക മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും ഡീനോ ഡെന്നീസിന്റെ പുതുമയാർന്ന മേക്കിങ്ങും കൊണ്ട് കയ്യടി ലഭിക്കുന്നുണ്ട്. മമ്മൂട്ടിയുടെ വൺമാൻ ഷോ തന്നെയാണ് സിനിമയിൽ കാണാനാവുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ ആരംഭത്തിൽ കാണിക്കുന്ന മെഗാസ്റ്റാർ ടൈറ്റിൽ കാർഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത്. എക്സ് ഉൾപ്പടെയുളള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകർ മെഗാസ്റ്റാർ ടൈറ്റിലിന്റെ ആവേശം പങ്കുവെക്കുന്നുണ്ട്. എന്നാൽ സിനിമയുടെ കഥയിൽ ചിലർ അസംതൃപ്തി അറിയിക്കുന്നുമുണ്ട്. അത്രത്തോളം ത്രില്ലടിപ്പിക്കാൻ സിനിമയുടെ തിരക്കഥയ്ക്ക് കഴിയുന്നില്ല എന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ബേസിൽ ജോസഫ് നായകനായെത്തിയ മരണമാസ് ആദ്യഷോകൾ പിന്നിടുമ്പോൾ കോമഡി ചിത്രമെന്ന പ്രതികരണമാണ് ലഭിക്കുന്നത്. ബേസിൽ ജോസഫിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റായി എല്ലാവരും പറയുന്നത്. സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആന്റണി തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഒരു പക്കാ ഫൺ റൈഡ് തന്നെയാണ് മരണമാസ്സ് എന്ന് പ്രേക്ഷകർ പറയുന്നു. രസകരമായ തിരക്കഥയ്ക്കും ശിവപ്രസാദിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്. ഇത്തരമൊരു രസകരമായ സിനിമ നിർമിച്ച ടൊവിനോ തോമസിനെയും പലരും പ്രകീർത്തിക്കുന്നുണ്ട്.
ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ നസ്‌ലെന്‍ നായകനായെത്തിയ ആലപ്പുഴ ജിംഖാന മികച്ച പ്രതികരണം നേടുന്നു. ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ മേക്കിങ്ങിനും കാസ്റ്റിങ്ങിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. ചെറിയൊരു സ്റ്റോറിലൈനെ മനോഹരമായി അവതരിപ്പിച്ചു എന്ന് കമന്റുകള്‍ പറയുന്നു. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.
അജിത് നായകനായ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയും തിയറ്ററുകളിലെത്തി. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ഗുഡ് ബാഡ് അഗ്ലിക്ക് മികച്ച പ്രതികരണങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ആദിക് രവിചന്ദ്രൻ ഒരുക്കിവെച്ചിരിക്കുന്നത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി 'ഒരു പക്കാ ഫാൻ ബോയ് സംഭവമാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്.