HD-MohanThomas

സംവിധായകന്‍ ടി.എസ്.സുരേഷ് ബാബു ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്, ക്രൈം ത്രില്ലര്‍ ഴോണറില്‍ നിര്‍മിച്ച ഡിഎന്‍എ എന്ന ചിത്രത്തിലൂടെ. റായ് ലക്ഷ്​മി, അഷ്​കര്‍ സൗദാന്‍, ഹന്ന റെഡി കോശി എന്നിവരാണ് പ്രധാനതാരങ്ങളായിരിക്കുന്നത്. കഥയിലെ അന്വേഷണ സംഘത്തെ നയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി നടന്‍ പദ്​മരാജ് രതീഷും സിനിമയിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ മനോരമ ന്യൂസിനൊപ്പം പങ്കുവക്കുകയാണ് പദ്​മരാജ് രതീഷ്.

ഡിഎന്‍എ സിനിമയിലേക്ക് എങ്ങനെയാണ് എത്തുന്നത്?

സുരേഷ്  ബാബു സാറാണ് ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. സിനിമ തുടങ്ങുന്നതിനും ഒരു വര്‍ഷം മുമ്പാണ് എന്നെ വിളിക്കുന്നത്.  ഒരു വര്‍ഷത്തോളം എന്നോട് ചിത്രത്തെ പറ്റി ചര്‍ച്ച ചെയ്​തിരുന്നു. ബോള്‍ഡായ ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് പറ‍ഞ്ഞിരുന്നു. ഒരു കുറ്റകൃത്യം അന്വേഷിക്കുന്ന സംഘത്തെ ലീഡ് ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ഞാന്‍.

അച്ഛന്‍റെ ഒരുപാട് സിനിമകള്‍ സംവിധാനം ചെയ്​ത ടി.എസ്.ബാബു ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ മകനും അതില്‍ പ്രധാനഭാഗമാണല്ലോ?

45 വര്‍ഷമായി ഇന്‍ഡസ്​ട്രിയിലുള്ള ഒരു ലെജന്‍ററി സംവിധായകനാണ് സുരേഷ് ബാബു സാര്‍. എന്‍റെ അച്ഛനെ വച്ച് ഒരുപാട് ഹിറ്റ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്​തിട്ടുണ്ട്. സാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ പോവുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വളരെ കൂളാണ്. ചിത്രത്തില്‍ അഭിനയിച്ച ഏത് ആര്‍ട്ടിസ്റ്റിനോട് ചോദിച്ചാലും ഇതു​തന്നെയാവും പറയാനുണ്ടാവുക. ഞാന്‍ ഒരു ഡയറക്​ടര്‍ ആക്​റ്ററാണ്. സംവിധായകര്‍ എന്താണോ പറയുന്നത് അത് നല്‍കാന്‍ ശ്രമിക്കും. പക്ഷേ സുരേഷ് ബാബു സാര്‍ നിങ്ങള്‍ പെര്‍ഫോം ചെയ്​തോളൂ എന്നാണ് പറയുക. ആര്‍ട്ടിസ്റ്റിന് നല്ല സ്വാതന്ത്ര്യമാണ്. അതിന്‍റെ ഗുണം സ്​ക്രീനില്‍ കാണാനുണ്ട്. സാറിന്‍റെ കൂടെ സിനിമ ചെയ്യാനായതില്‍ സന്തോഷമുണ്ട്. അദ്ദേഹം സെറ്റില്‍ ചൂടാവില്ല. എന്ത് പ്രശ്‌​നമുണ്ടെങ്കിലും അത് നമ്മളെ ബാധിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. ആര്‍ട്ടിസ്റ്റിന് പരമാവധി സ്​പേസ് നല്‍കും. ഇത്ര വലിയ സംവിധായകനൊപ്പം സിനിമ ചെയ്യുന്നത് ആത്മവിശ്വസവും നല്‍കും. സിനിമ കണ്ട പ്രേക്ഷകര്‍ക്കും നല്ല അഭിപ്രായമാണ്. ഇതുവരെ ചെയ്​ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്​തമാണ് ഇതെന്ന് പലരും പറഞ്ഞു. തിയേറ്റര്‍ വിസിറ്റിലും നല്ല അഭിപ്രായമാണ് ലഭിച്ചത്.

സുരേഷ് ബാബുവിന്‍റെ ആദ്യകാല ചിത്രങ്ങളിലെ താരങ്ങളായ മമ്മൂട്ടിയുടേയും രതീഷിന്‍റേയും പുതിയ തലമുറയും ഡിഎന്‍എയിലൂടെ ഒന്നിക്കുകയാണല്ലോ?

മമ്മൂക്കയേയും കുടുംബത്തേയും പണ്ടുമുതലേ അറിയാം. അച്ഛനും മമ്മൂക്കയും അടുത്ത സുഹൃത്തുക്കളായിരുന്നു. വേനല്‍മഴ എന്ന സീരിയലില്‍ അഷ്​കര്‍ അച്ഛന്‍റെ മകനായി അഭിനയിച്ചിട്ടുണ്ട്. ഞാന്‍ അന്ന് തീരെ ചെറുതാണ്. അന്ന് ലൊക്കേഷനില്‍ പോയിട്ടുണ്ട്. അഷ്​കറിനൊപ്പം അഭിനയിക്കുമ്പോള്‍ ചേട്ടനൊപ്പം അഭിനയിക്കുന്നത് പോലെയാണ് തോന്നിയത്. പിന്നെ പല ഇന്‍ഡസ്​ട്രിയിലും വര്‍ക്ക് ചെയ്​ത സീനിയര്‍ ആര്‍ട്ടിസ്റ്റായി റായ് ലക്ഷ്​മിക്കൊപ്പവും വര്‍ക്ക് ചെയ്യാന്‍ പറ്റി. അത് നല്ല എക്​സ്​പീരിയന്‍സായിരുന്നു

ഒരുപാട് ഐക്കോണിക്ക് വില്ലന്മാരെ രതീഷ് മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. പദ്​മരാജിന്‍റെ തുടക്കവും വില്ലനെ അവതരിപ്പിച്ചാണ്. ഏത് വേഷം ചെയ്യാനാണ് കൂടുതല്‍ താല്‍പര്യം?

കൂടുതലും വില്ലന്‍ വേഷങ്ങളാണ് ഞാന്‍ ചെയ്​തിട്ടുള്ളത്. ആദ്യമായി കണ്ട അച്ഛന്‍റെ സിനിമ കമ്മീഷ്​ണറാണ്. അതിലെ വേഷമാണ് നടനാവാന്‍ പ്രചോദനം നല്‍കിയത്. മോഹന്‍ തോമസിനെ പോലെ ഒരു വില്ലന്‍​റോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കരിയര്‍ തുടങ്ങിയിട്ട് 10 വര്‍ഷമാവുന്നു. 20ലധികം സിനിമ ചെയ്​തു. ഒരു ഘട്ടത്തില്‍ വില്ലന്‍ മാത്രമല്ല, ക്യാരകറ്റര്‍ റോളുകളും, നായകവേഷം വരികയാണെങ്കിലും അതും ചെയ്യണമെന്ന് തോന്നി. ഇപ്പോള്‍ ക്യാരക്​റ്റര്‍ റോളുകളും ചെയ്യാന്‍ തുടങ്ങി. ഇങ്ങനെയൊക്കെയാണെങ്കിലും കൂടുതല്‍ താല്‍പര്യം വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ്. ഒരു സ്​റ്റൈലിഷ് വില്ലനെ അവതരിപ്പിക്കണം.

 

അര്‍ഹിക്കുന്ന വേഷങ്ങള്‍ ലഭിക്കുന്നില്ല എന്ന തോന്നലുണ്ടായിട്ടുണ്ടോ?

അങ്ങനെ തോന്നിയിട്ടില്ല. എല്ലാ നടന്മാര്‍ക്കും ഒരു സമയമുണ്ട്. ഓരോ കഥാപാത്രങ്ങളെ ചെയ്​തുവന്നാലോ നമുക്കുള്ളത് വരൂ. അതുവരെ ശ്രമിച്ചുകൊണ്ടിരിക്കുക.

പുതിയ പ്രോജക്‌റ്റുകള്‍?

പുഷ്​പകവിമാനമാണ് ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. സിജു വില്‍സണും ബാലു വര്‍ഗീസുമാണ് പ്രധാനതാരങ്ങള്‍. അതില്‍ ഒരു പ്രധാനവേഷമാണ്. ഹാപ്പി മാരീഡ് ലൈഫ് എന്ന സിനിമ തുടങ്ങാന്‍ പോകുന്നു. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍.

ENGLISH SUMMARY:

Interview of actor Padmaraj Ratheesh