marco-kishanmohan

ഒരു സൗണ്ട് ഡിസൈനറായ കിഷന്‍ മോഹന് മാര്‍ക്കോയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞു?

മലയാള സിനിമയുടെ ഒരളവുകോലാകാന്‍ മാത്രം സാങ്കേതികവുള്ള ചിത്രമാണ് മാര്‍ക്കോ. മലയാളത്തിന്‍റെ  ബജറ്റ് പരിധിയില്‍ നിന്ന്  മാര്‍ക്കോപോലൊരു   ചിത്രം നിര്‍മിക്കാന്‍ കഴിയുക എന്നത് തന്നെ വലിയകാര്യമാണ്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ മനസര്‍പ്പിച്ചതത്രയും  സ്ക്രീനില്‍  പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. അത്രമാത്രം കാര്യങ്ങള്‍  ചെയ്തിട്ടുണ്ട് . ചിത്രത്തിന്‍റെ നിര്‍മാണത്തിലങ്ങോളമിങ്ങോളം അത് കാണാന്‍ കഴിയും.  ചിത്രീകരണവും ശബ്ദലേഖവും  വസ്ത്രാലാങ്കാരവും ചിത്രസന്നിവേശവുമെല്ലാം അതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് . 'അനിമല്‍' പോലെയുള്ള സിനിമകളാണ് മാതൃകയായി തന്നത്. സിനിമ ഇറങ്ങുമ്പോള്‍ മലയാള സിനിമയുടെ റേഞ്ച് തന്നെ മാറും.  അതിലേക്ക് എത്തിക്കുകയായിരുന്നു  ഏറ്റവും വലിയ വെല്ലുവിളി. 

ഈ ഓഫര്‍ വന്നപ്പോള്‍ എന്നെക്കൊണ്ട് ഇത് സാധിക്കുമോ എന്ന് സ്വയം ചോദിച്ചിരുന്നോ? 

എന്നെ സംബന്ധിച്ചിടത്തോളം 'മാര്‍ക്കോ' വലിയൊരു വെല്ലുവിളിയായിരുന്നു. അതില്‍ ഒരു സംശയവും ഇല്ല. സിനിമയുടെ പ്രൊഡ്യൂസര്‍ ആണ് എന്നെ വിളിക്കുന്നത്. അവരുടെ ആഗ്രഹം ഈ സിനിമ മുഴുവനായും കേരളത്തിന്‍റേതാകണമെന്നായിരുന്നു.  സാമ്പത്തികമായൊക്കെ  ലാഭകരമായ മറ്റ് പല ഓഫറുകളും വന്നിരുന്നു. പക്ഷേ അവര്‍ക്ക് ഇത് കൊച്ചിയില്‍ തന്നെ ചെയ്യണമെന്നായിരുന്നു. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ ചിത്രം പൂര്‍ത്തീകരിച്ച് പുറത്തിറക്കുക എന്ന വാശിയിലായിരുന്നു  നിര്‍മാതാക്കള്‍ . അവര്‍ എന്നെ സമീപിക്കുന്നതും അങ്ങനെ തന്നെയാണ്.  ഷൂട്ട് ചെയ്ത് വച്ച രണ്ട് സീനുകളാണ് ആദ്യം കാണിച്ചു തന്നത്. അതില്‍ തന്നെ ഞാന്‍ വീണു. പിന്നെ എനിക്ക് മറിച്ച് ചിന്തിക്കാനേ തോന്നിയിട്ടില്ല. എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് എനിക്ക് ചെറിയ സംശയങ്ങള്‍  ഉണ്ടായിരുന്നു. പക്ഷേ ചെയ്യണം എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഉണ്ടായതുമില്ല. അത്തരത്തിലാണ് അവര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്.

kishan-marco-team

മലയാളത്തില്‍ നിന്നും ആദ്യമായാണ് ഇത്തമൊരു ചിത്രം വരുന്നത്. അതുകൊണ്ടുതന്നെ സങ്കേതികമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടിരുന്നോ?

മലയാളത്തില്‍ വലിയ ബജറ്റില്‍ ചെയ്ത ചിത്രമാണെങ്കിലും അന്യഭാഷ സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മാര്‍ക്കോയുടെ ബജറ്റ് വളരെ കുറവാണ്. ഈ ബജറ്റില്‍ ഇത്രയും കാര്യങ്ങള്‍ ചെയ്ത് സിനിമ ഇറക്കുക എന്നത് ഒരുവെല്ലുവിളി ആയിരുന്നു. മറ്റ് സിനിമ ഇന്‍ഡസ്ട്രികളിലെ സങ്കേതികപ്രവര്‍ത്തകരോട്  അഭിപ്രായങ്ങള്‍ ചോദിച്ച് അവിടെ നിന്ന് എന്തൊക്കെ സഹായം എടുക്കാനാകുമോ അതൊക്കെ സ്വീകരിച്ചിട്ടുണ്ട് . ഇതില്‍ ശബ്ദലേഖനം നിര്‍വഹിച്ചിരിക്കുന്നത്  പുഷ്പയും അനിമലുമൊക്കെ ചെയ്ത മലയാളി  രാജകൃഷ്ണനാണ്. അദ്ദേഹത്തെ നമ്മള്‍ ഇവിടെ കൊണ്ടുവന്നു. എന്നുവെച്ചാല്‍ സാങ്കേതിക വിദഗ്ധരുടെ  കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല എന്നര്‍ഥം.

marco-team

'കങ്കുവ' എന്ന ചിത്രത്തിന്‍റ പരാജയകാരണങ്ങളിലൊക്കെ പലരും എടുത്ത് പറഞ്ഞത് ശബ്ദലേഖനത്തിലെ പോരായ്മകളാണ് . ശബ്ദത്തിന് വലിയ പ്രാധാന്യമുള്ള ചിത്രമാണ് മാര്‍ക്കോ . കങ്കുവ  വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ പേടി തോന്നിയിരുന്നോ?

ദക്ഷിണേന്ത്യയിലെ  പല സംവിധായകര്‍ക്കും ഇത്തരത്തില്‍ അമിതമായി ശബ്ദം ഉണ്ടാക്കിയാല്‍ സിനിമ ഹിറ്റാകും എന്നൊരു ചിന്താഗതി ഉണ്ടായിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ വരുമ്പോഴെങ്കിലും അത് മിഥ്യാധാരണയാണെന്ന് അവര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ. പശ്ചാത്തല സംഗീതം കൃത്യമാണെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകില്ല. പശ്ചാത്തല സംഗീതവും ചുറ്റുമുള്ള ശബ്ദങ്ങളും കൃത്യമായി ഒന്നിപ്പിച്ച് സമം ചേര്‍ത്ത് കൊണ്ടുപോകണം. സ്ക്രീനിങ് സമയം  തിയറ്ററുകളിലും അതുസംബന്ധിച്ച്  വേണ്ട നിര്‍ദേശം നല്‍കണം. ഇത്ര ശബ്ദത്തില്‍ ഞങ്ങളുടെ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ആര്‍ക്കും ഒരു ശല്യവുമില്ലാതെ സിനിമ അതേ ഹൃദ്യമായി ആസ്വദിക്കാന്‍ കഴിയുമെന്ന് തിരിച്ചറിയണം. അക്കാര്യം ഞങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ട്. 

kishan3

ബോഗയ്ന്‍വില്ല എന്ന ചിത്രത്തിലും കിഷന്‍ പങ്കാളിയായിരുന്നു. ചെറിയ ചില ശബ്ദങ്ങള്‍ കൊണ്ട് ചിത്രം പ്രേക്ഷകരില്‍ ഭീതിയും ആകാംഷയും ഉണ്ടാക്കുന്നുണ്ട്. അത്തരം സിനിമകള്‍ക്കെടുക്കുന്ന മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണ്?

അങ്ങനെ വലിയ മുന്നൊരുക്കം നടത്തിയോ അല്ലെങ്കില്‍ ധാരണവച്ചോ അല്ല ഞാന്‍ ഒരു സിനിമയെ സമീപിക്കുന്നത്. ഒരു സിനിമ ആവശ്യപ്പെടുന്ന അല്ലെങ്കില്‍  അര്‍ഹിക്കുന്ന ഒരു ശബ്ദതലം ഉണ്ട്.  അതിലേക്ക് പലപ്പോഴും നമ്മള്‍ എത്തിപ്പെടുകയാണ് ചെയ്യാറ്. അതിന് ഒരുപാട് കടമ്പകള്‍ ഉണ്ട്. ചിലപ്പോള്‍ നമ്മള്‍ നല്‍കുന്ന ശബ്ദതലത്തോട് സംവിധായകന്‍ യോജിക്കണമെന്നില്ല.  ചിലപ്പോള്‍ തിരിച്ചും. അങ്ങനെ പല ചര്‍ച്ചകള്‍ക്കും ഒടുവിലാണ്  ശബ്ദം എങ്ങനെയാകണമെന്നത് സംബന്ധിച്ച് ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരുന്നത്. മാര്‍ക്കോയില്‍ ആണെങ്കില്‍ പോലും മ്യൂസിക് വേറെ ഇഫക്ട്സ് വേറെ എന്നൊരു രീതിയില്ല. സിനിമയുടെ മൊത്തം ശബ്ദത്തിലാണ് ശ്രദ്ധചലുത്തിയിരിക്കുന്നത്. രവി ബസ്രൂർ ആണ് മാര്‍ക്കോയുടെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. 'കെ.ജി.എഫ്', 'സലാർ' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ്. ലൗഡ് മ്യൂസിക്കിന് അറിയപ്പെടുന്നയാളാണ് അദ്ദേഹം. അദ്ദേഹം പോലും ചില സംഘട്ടനരംഗങ്ങളിലെ ശബ്ദവിന്യാസം   ശബ്ദലേഖകന്‍റെ  തീരുമാനത്തിന് വിട്ടുതന്നിട്ടുണ്ട്. ഇവിടെ മ്യൂസിക് വേണ്ട സൗണ്ട് മാത്രം മതി അതാണ് സ്വാഭാവികതയ്ക്ക് ഇണങ്ങുന്നതെന്ന്  അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഈ സിനിമയില്‍ ശബ്ദത്തെ നമ്മള്‍ അങ്ങനെയാണ് കൈകാര്യം  ചെയ്തിരിക്കുന്നത്. ചില സിനിമകളില്‍ ഇതുപോലെ പറയും ഇവിടെ ഇത്ര മ്യൂസിക് മതി ബാക്കിയൊക്കെ നിങ്ങളുടെ കയ്യിലാണ് വേണ്ടത് ചെയ്തോളു എന്ന് പറയുന്നിടത്താണ് നമുക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത്. മാര്‍ക്കോയില്‍ അതുപോലുള്ള ഒരുപാട് നല്ല നിമിഷങ്ങള്‍ ഉണ്ട്. മ്യൂസിക്കിന് മാത്രമല്ല നല്ല സൗണ്ട് ട്രാക്കിനുള്ള സ്ഥലം ഷൂട്ട് ചെയ്യുമ്പോഴെ അവര്‍ ഒഴിച്ചിട്ടിട്ടുണ്ട്. അത് ഞങ്ങള്‍ക്കും ഒരുപാട് സഹായകമായിരുന്നു. 

marco1

ശബ്ദം ഒരല്‍പ്പം കൂടിയാല്‍ അത് പ്രേക്ഷകന്‍റെ ആസ്വാദനത്തെ ബാധിക്കും. അങ്ങനെ സംഭവിച്ചാല്‍ ടെക്നീഷ്യന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വരും. എന്നാല്‍ ആ ശബ്ദം കൃത്യമായാല്‍ ഒരുപക്ഷേ അവരെ ആളുകള്‍ തിരിച്ചറിയുക പോലുമില്ല. വിമര്‍ശിക്കാന്‍ മാത്രമായിരിക്കും ആളുകള്‍ പിന്നണിയിലുള്ളവരെ അന്വേഷിക്കുക. അതില്‍ നിരാശ തോന്നിയിട്ടുണ്ടോ?

ഞങ്ങളുടെ തന്നെ ഫോറങ്ങളിലും ഗ്രൂപ്പുകളിലും അത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും ഞങ്ങള്‍ അതിനെ എടുക്കുന്നത് മറ്റൊരു രീതിയിലാണ്. വിമര്‍ശിക്കുമ്പോഴും വിമര്‍ശിക്കപ്പെടാതിരിക്കാനുള്ള വര്‍ക്കുകള്‍ വരുന്നുണ്ട്. ഒടുങ്ങാത്ത ഇഷ്ടമുള്ളതുകൊണ്ടാണ് നമ്മള്‍ ഇത് ചെയ്യുന്നത്. പ്രശസ്തിക്കോ പണത്തിനോ വേണ്ടി മാത്രമല്ല. നല്ല പ്രോജക്റ്റുകളില്‍ ഭാഗമാകുന്നതും ഇതുപോലെ ചിലരെങ്കിലും അത് മനസിലാക്കുന്നതുമൊക്കെ വലിയ സന്തോഷമാണ്. അനാവശ്യമായ ചില കാര്യങ്ങള്‍ക്ക് വിമര്‍ശിക്കുന്നതായും തോന്നിയിട്ടുണ്ട്. എന്നാല്‍ മുന്‍പത്തെക്കാളും സൗണ്ട് ടെക്നീഷ്യന്‍സിനെ ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. ട്രോളന്‍മാരാണെങ്കില്‍ പോലും സിനിമയിലെ സങ്കേതിക പ്രവര്‍ത്തകരുടെ പേര് എടുത്ത് വായിക്കാന്‍ തുടങ്ങി. അതൊക്കെ വളരെ നല്ല ട്രെന്‍ഡ് ആണ്. 

kishan4

സിനിമയിലെ പിന്നണിപ്രവര്‍ത്തകര്‍ക്ക് സമൂഹമാധ്യമങ്ങളുടെ കാലത്തുണ്ടായ നല്ലകാര്യം എന്താണ്? 

ഭൂതകാലം എന്നൊരു സിനിമ ചെയ്ത സമയത്ത് ട്രോളന്‍മാരും റിവ്യൂവേഴ്സുമൊക്കെയാണ്  സിനിമയുടെ വിവിധമേഖലകളെ പേരെടുത്ത് പരിഗണിച്ച് തുടങ്ങി. ശബ്ദം അധികമാണെങ്കില്‍ വിമര്‍ശകര്‍ അത് പറയും. അത് നമുക്ക് നമ്മളെ തന്നെ തിരുത്താനുള്ള ഒരു വഴി കൂടിയാണ്. ഒരുപാട് ആളുകളുടെ ശബ്ദമാണ് ഈ ട്രോളന്‍മാരൊക്കെ. ആര് പറഞ്ഞാലും അതില്‍ ശരിയുണ്ടോ എന്ന് നോക്കിയാല്‍ മതിയല്ലോ. തെറ്റ് വന്നിട്ടുണ്ടെങ്കില്‍ തിരുത്തുക. 

സൗണ്ട് ഡിസൈനര്‍ എന്ന നിലയില്‍ ഏറ്റവും ചലഞ്ചിങ്ങായി തോന്നിയ സിനിമ ഏതായിരുന്നു?

ഇതുവരെ ചെയ്തതില്‍ മാര്‍ക്കോ തന്നെയാണ്. സംവിധായകനോ നിര്‍മാതാവോ അഭിനേതാവോ ഈ സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ച ആരോ ആയിക്കോട്ടെ നല്ലസിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണവര്‍. സിനിമയുടെ പ്രൊഡ്യൂസര്‍ ഒരു അസിസ്റ്റന്‍റ് ഡയറക്ടര്‍ വര്‍ക്ക് ചെയ്യുന്നതുപോലെയാണ് ഈ സിനിമക്കായി പ്രവര്‍ത്തിച്ചത്. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന നല്ലൊരു ചിത്രം കൊടുക്കാന്‍ കയ്യും മെയ്യും മറന്ന് പണിയെടുക്കണം എന്നാണ്  അവര്‍ പറഞ്ഞിരുന്നത്. എല്ലാവരും  അവരുടെ കഴിവിന്‍റെ പരമാവധി  കൊടുത്ത ഒരു സിനിമയാണ് അതുകൊണ്ട് തന്നെ ഞാനും എന്‍റെ  പരമവധി  ഈ  സിനിമക്കായി കൊടുത്തിട്ടുണ്ട്. അതിന്‍റെ ഗുണം പ്രേക്ഷകര്‍ക്ക് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കങ്കുവയ്ക്ക് ശേഷം തിയറ്ററുകള്‍ ശബ്ദം താഴ്ത്തിവെക്കാന്‍ സാധ്യതയുണ്ട്. അതൊന്നും ചെയ്യാതെ നമ്മള്‍ പറയുന്ന രീതിയിലാണ് എല്ലാനടക്കുന്നതെങ്കില്‍ ഈ സിനിമ വല്ലാത്തൊരു അനുഭവമായിരിക്കും. 

marco-news-poster

കാഴ്ച ശക്തിയും കേള്‍വിശക്തിയും നഷ്ടമായവര്‍ക്ക് കൂടി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ചിത്രമെത്തുന്നത്. എങ്ങനെയാണ് അത് സാധ്യമായത്?

കേന്ദ്ര സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു പ്ലാന്‍ ഉണ്ട്. ജനുവരി മുതല്‍ എല്ലാ സിനിമകള്‍ക്കും അത് സാധ്യമാകുമെന്നാണ് കരുതുന്നത്. ഇക്കാര്യം സംസാരിച്ചപ്പോള്‍ നമ്മുടെ സിനിമക്ക് എന്തായാലും ഇത് ചെയ്യണമെന്ന് നിര്‍മാതാവ് പറയുകയായിരുന്നു. സെന്‍സറിങ്ങിന് പോയപ്പോഴും വലിയ അഭിനന്ദനം ലഭിച്ചിരുന്നു. ബറോസ് പോലുള്ള സിനിമകള്‍ നമ്മുടെ അടുത്തേക്ക് വിട്ട് ഇങ്ങനെ ചെയ്ത് തരണം എന്ന് വരെ പറഞ്ഞിരുന്നു. തുല്യമായ അവസരം കിട്ടാനാണ് ഇത് ചെയ്യുന്നത്. 2 വര്‍ഷത്തിനുള്ളില്‍ എല്ലാ തിയറ്ററുകളും അതിനുള്ള ക്രമീകണങ്ങള്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റിനൊപ്പമുള്ള ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ആപ്പ് ഡൗണ്‍ലോ‍‍‍ഡ് ചെയ്ത് ഇയര്‍ഫോണ്‍ വെച്ചാല്‍ സ്ക്രീനില്‍ എന്താണ് നടക്കുന്നതെന്നുള്ള വിവരണം കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് സ്കീനില്‍ പറയുന്നത് ഫോണില്‍ എഴുതികാണിക്കും. 

marco

സഹകരിച്ച സിനിമകള്‍ പരാജയപ്പെടുമ്പോള്‍ അല്ലെങ്കില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ എന്താണ് തോന്നാറ്? 

ഒരുപാട് പ്രതീക്ഷിച്ച സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍  നിരാശതോന്നിയിട്ടുണ്ട്. പക്ഷേ അത് മാറ്റിവെച്ച് പണിയെടുക്കുന്നിടത്താണ് സാങ്കേതിക പ്രവര്‍ത്തകരുടെ  വിജയം. കുറുപ്പ് യഥാര്‍ത്ഥത്തില്‍ ഒടിടിയില്‍ പോകേണ്ട സിനിമയായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ച് ദുല്‍ഖറിനെ വിളിച്ചുവരുത്തി തിയറ്ററിലിട്ട് സിനിമ കാണിച്ച ശേഷമാണ് ഒടിടിയില്‍ പോകാതെ തിയറ്റര്‍ റിലീസ് ചെയ്തത്. അത്ര കഷ്ടപ്പെട്ടിട്ടും പരാജങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായും നിരാശയുണ്ടാകും. പക്ഷേ നമുക്ക് സിനിമയുണ്ടാക്കാനും അത് ആളുകളെ കാണിക്കാനും കഴിയുന്നു എന്നത് തന്നെ ഭാഗ്യമാണ്. തിയറ്ററില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. ഞാന്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമ കണ്ട് എന്ത് ക്രിഞ്ച് ആണിത്, ഇതൊക്കെ ഓടുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. ആ ചിത്രം മലയാളം കണ്ട 80 കോടി,100കോടി സിനിമയാണ്. 

marco-blood

മാര്‍ക്കോയിലെ വയലന്‍സാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. ശരിക്കും മുഴുനീള വയലന്‍സാണോ ചിത്രം?

മാര്‍ക്കോ വയലന്‍സ് മാത്രമുള്ള ഒരു ചിത്രമല്ല. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ ചിത്രം ഹിറ്റാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. വയലന്‍സിനെ വൃത്തിയായാണ് സിനിമ കാണിച്ചിരിക്കുന്നത്. ഇമോഷന്‍സുമുള്ള ചിത്രമാണിത്. ഈ ചിത്രം വിജയിച്ചാല്‍ ഇനിയും മലയാളത്തില്‍ നിന്ന് ഇന്‍ര്‍നാഷ്ണല്‍ സ്റ്റാന്‍റേഡുള്ള ചിത്രങ്ങള്‍ ഉണ്ടാകും. ഹോളിവുഡുകാര്‍ ഇന്ത്യന്‍ എക്സ്പീരിയന്‍സ് എന്ന് പറയുന്ന രീതിയിലേക്ക് സിനിമകള്‍ മാറണം. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് നമ്മള്‍. മാര്‍ക്കോ സാങ്കേതിക തികവുള്ള സിനിമയാണ്. സിനിമ കണ്ട് കഴിഞ്ഞ് ഡയറക്ടര്‍ പറഞ്ഞത് നമ്മളെക്കൊണ്ടും ഇതുപോലെയൊക്കെ ചെയ്യാന്‍ കഴിയുമല്ലേ എന്നാണ്. ജഗദീഷ് സാറിന്‍റെ ക്യാരക്ടറൊക്കെ അദ്ദേഹം ഇതുവരെ ചെയ്യാത്ത തരം റോള്‍ ആണ്. 

marco-jagadeesh

ഉണ്ണി മുകുന്ദന്‍ എന്ന അഭിനേതാവിന്‍റെ ജീവിതത്തില്‍ മാര്‍ക്കോ എങ്ങനെയായിരിക്കും പ്രതിഫലിക്കുക?

ഞാന്‍ അഭിനേതാവാണെന്ന് കാണിക്കാന്‍ എന്നെക്കൊണ്ട് പറ്റാത്ത കുറേ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി  ചെയ്യുകയല്ലേ നല്ലത് എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. ചിത്രത്തിന് വേണ്ടി ഉണ്ണിയെടുത്ത കഠിനാധ്വാനം ചെറുതല്ല. അത് സക്രീനില്‍ കാണാന്‍ കഴിയും. പ്രമോഷന്‍ കഴിഞ്ഞ് വന്നിട്ടും അത് അങ്ങനെ ചെയ്യണോ ഇത് ഇങ്ങനെ ചെയ്താലോ എന്നൊക്കെ പറഞ്ഞ് മുഴുവന്‍ സമയവും അദ്ദേഹം ഈ സിനിമക്കൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞങ്ങളും കട്ടക്ക് കൂടെ നില്‍ക്കുന്നത്. ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കും മാര്‍ക്കോ. ടിക്കറ്റെടുത്ത് കണ്ടാല്‍ പേടിയുണ്ടാകാം പക്ഷേ മോശം പറയാനുണ്ടാകില്ല. 

ENGLISH SUMMARY:

An interview with Kishan Mohan, the sound designer of the film Marko