40 വർഷം മുൻപ് ഒരു ഫെബ്രുവരി മാസത്തിലാണ് ഗേളി എന്ന പെൺകുട്ടി അവളുടെ വല്യമച്ചിയെ തേടി കരാമല്ലൂർ ഗ്രാമത്തിലേക്ക് എത്തുന്നത്. ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാൻ 17 വർഷങ്ങൾക്ക് മുൻപ് തന്നെ ഉപേക്ഷിച്ചുപോയ മണിക്കുട്ടിയുടെ മകൾ ഗേളിയെ കുഞ്ഞുഞ്ഞമ്മ അന്ന് ആദ്യമായി കാണുകയായിരുന്നു, പ്രേക്ഷകരും... അതുവരെ കണ്ട് ശീലിച്ച നായികമാരിൽ നിന്ന് തികച്ചും വ്യത്യസ്തയായ പുതുമുഖത്തെ കണ്ട് പ്രേക്ഷകരും അമ്പരന്നു. വല്യമ്മച്ചി ഗേളിയെ അംഗീകരിക്കാനെടുത്ത സമയമൊന്നും വേണ്ടി വന്നില്ല, പ്രേക്ഷകർക്ക് നദിയ മൊയ്തുവിനെ സ്വീകരിക്കാൻ. ഗേളിയുടെ കുസൃതിയും സ്മാർട്ട്നെസും ഏവർക്കും ഇഷ്ടപ്പെട്ടു. ശ്രീകുമാർ പറ്റിക്കപ്പെടുന്നത് കണ്ട് ആർത്തുചിരിച്ചു, നഗ്നദൃശ്യങ്ങൾ കാണാനാകുന്ന കണ്ണട കിട്ടുമോയെന്ന് അന്വേഷിച്ചവരും കുറവല്ല.
ഒടുവിൽ ആ രാത്രിയിൽ ആംബുലൻസിൽ കൊണ്ടുപോകുന്ന ഗേളിയെ കണ്ട് വല്യമ്മച്ചിക്കൊപ്പം പ്രേക്ഷകരും കരഞ്ഞു. 40 വർഷങ്ങൾക്കിപ്പുറവും എപ്പോൾ കണ്ടാലും മാറ്റം വരാത്ത വികാരം... അതുകൊണ്ട് തന്നെയാണ് ഗേളി മലയാളികൾക്ക് സ്പെഷ്യൽ ആകുന്നതും. ഗേളിയെ ‘ഫസ്റ്റ് ലവ്’ എന്ന് വിളിക്കാനാണ് നദിയാ മൊയ്തുവിന് ഇഷ്ടം. സിനിമ ഇറങ്ങി 40 വർഷം പിന്നിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ഓർമ്മകൾ പങ്കുവച്ചതും ഫാസിലിനേയും ആദ്യം മേയ്ക്കപ്പ് ഇട്ട മണിയേയും വിളിച്ചതും അതുകൊണ്ടാണ്. തികച്ചും അപ്രതീക്ഷിതമായി കുടുംബ സുഹൃത്തുവഴി വന്ന സിനിമാ അവസരത്തെ കുറിച്ചും സെറീന, നദിയ മൊയ്തു ആയതിനെ കുറിച്ചും മനോരമയോട് മനസ് തുറക്കുന്നു നദിയ മൊയ്തു...
ഗേളിയെ തേടി ബോംബെയിലെത്തിയ ഫാസിൽ
ഫാസിൽ അങ്കിൾ (സംവിധായകൻ ഫാസിൽ) കുടുംബ സുഹൃത്താണ്. ബോംബെയിലെ വീട്ടിലെത്തി അങ്കിൾ കഥ പറഞ്ഞു. സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചുള്ള പരിചയം മാത്രമേ എനിക്കുള്ളൂ, പിന്നെ കുറച്ച് ഡാൻസൊക്കെ അറിയാം. പക്ഷേ അതൊന്നുമായിരുന്നില്ല, ഗേളിയുടെ സ്വഭാവവും എന്റെ സ്വഭാവവും രീതിയുമൊക്കെ ഏകദേശം ഒരുപോലെ തന്നെയായിരുന്നു, പ്രത്യേകിച്ച് ബോഡി ലാംഗ്വേജ്. അതാണ് പ്രധാനമായും ഞാൻ ഗേളി ആയാൽ കൊള്ളാമെന്ന് അങ്കിളിന് തോന്നാൻ കാരണമെന്നാണ് ഞാൻ മനസിലാക്കുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടൊന്നുമല്ല ഞാനും അഭിനയിക്കാൻ തയാറായത്, അങ്കിളിനെ അറിയാം, എനിക്ക് ചേരുന്നതേ അങ്കിൾ പറയൂ, എന്നവിശ്വാസമായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്ന സമയമാണ്, അതുകൊണ്ട് ക്ലാസു മുടക്കാൻ പറ്റില്ല, അവധികാലത്തെ ഷൂട്ടിങ് നടക്കൂ എന്ന് അച്ഛനും അമ്മയും പറഞ്ഞു. അങ്കിൾ അതിന് സമ്മതിച്ചു. അങ്ങനെയാണ് സിനിമാ ജീവിതം തുടങ്ങുന്നത്.
‘ഗേളി ഈസ് മൈ ഫസ്റ്റ് ലവ്’
സിനിമാ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന സമയത്താണ് വളരെ അപ്രതീക്ഷിതമായി ഗേളിയിലൂടെ ഒരവസരം വരുന്നത്. അത് അങ്ങനെ വെറുതെ അങ്ങ് വന്ന് പോയില്ല, എന്റെ തന്നെ ഒരു സിനിമയുടെ പേര് പോലെ വന്നു കണ്ടു കീഴടക്കി, എന്ന് പറയുമ്പോലെ പ്രേക്ഷകരുടെ മനസിൽ ഇടം നേടി. ആ സ്നേഹം മുഴുവൻ ലഭിച്ചത് എനിക്കാണ്. ഗേളിക്ക് വേണ്ടി എല്ലാം ഒത്തുവന്നു, നല്ല സ്ക്രിപ്റ്റ്, മേയ്ക്കിങ്, ബാക്ഗ്രൗണ്ട് സ്കോർ, ഗേളിയുടെ ശബദ്ം (ഭാഗ്യലക്ഷ്മി) നല്ല പാട്ടുകൾ നല്ല കോ ആർട്ടിസ്റ്റ് അങ്ങനെ എല്ലാം ഒത്തുവന്നപ്പോൾ അതൊരു ക്ലാസിക് ആയി മാറി. ഗേളിക്കായി സത്യത്തിൽ വലിയ എഫർട്ട് ഇട്ട് അഭിനയിക്കേണ്ടി ഒന്നും വന്നില്ല, ഗേളി ഞാൻ തന്നെയായിരുന്നു. പക്ഷേ എനിക്ക് ഗേളിയെ, വല്യമച്ചിയെയൊക്കെ കൂടുതൽ മനസിലായത് പിന്നീടാണ് എന്നുള്ളതാണ് വസ്തുത. അതുകൊണ്ട് കാലം കടന്നുപോകുന്തോറും ഗേളിയോട് കൂടുതൽ കൂടുതൽ സ്നേഹം തോന്നും. 40 വർഷത്തിന്റെ ഓർമ്മ പങ്കിടാൻ ഞാൻ ഫാസിൽ അങ്കിളിനെ വിളിച്ചിരുന്നു. അതുപോലെ തന്നെ ആദ്യം മേയക്കപ്പ് ഇട്ടുതന്ന മണിയേട്ടൻ അവരെയൊക്കെ വിളിച്ച് ആ ഓർമ്മകൾ പങ്കുവയ്ക്കുന്നത് പോലും ഒരു സന്തോഷമാണ്
അമ്മയുടെ കണ്ണ് നിറഞ്ഞ സീൻ
ആ കാലത്ത് നായിക മരിക്കുന്ന ക്ലൈമാക്സ് ഒന്നും അങ്ങനെ പതിവില്ല. ആംബുലൻസിൽ കൊണ്ടുപോകുന്ന സീൻ വളരെ കൂൾ ആയി മേയ്ക്ക് അപ്പ് ഇല്ലാതെ ഫ്രീയായി ഉറങ്ങുന്ന പോലെ അഭിനയിക്കാൻ പറ്റുന്ന ഒന്നായിരുന്നു. പക്ഷേ ആ സീനെടുക്കുമ്പോൾ സെറ്റിൽ എല്ലാവരുടേയും മുഖത്ത് വിഷമമുണ്ടായിരുന്നു, എന്റെ മമ്മിക്ക് കണ്ണ് നിറഞ്ഞു
വൈറലായ കണ്ണട സീൻ
ആ സിനിമയിൽ ഏറ്റവും ബ്രില്യന്റ് ആയ സീൻ ഏതെന്ന് ചോദിച്ചാൽ എന്റെ ഉത്തരം കണ്ണട സീൻ ആണെന്നാവും. കാരണം ഗേളിയുടെ ഡോമിനൻസിനെ സിമ്പിളായും പവർഫുള്ളായും കാണിച്ച മറ്റൊരു സീൻ ആ ചിത്രത്തിൽ ഇല്ല. എനിക്ക് കൂളിങ് ഗ്ലാസ് പ്രിയമുള്ള ആളാണ്. എവിടെ പോയാലും കൂടെ ഉണ്ടാകും. സിനിമ ഇറങ്ങിയ സമയത്ത് ഞാൻ എന്റെ മമ്മിയുടെ അമ്മയെ കാണാൻ പോയി. അന്ന് വല്യമ്മച്ചി പോലും ചോദിച്ചിട്ടുണ്ട് മോളെ ഇത് ആ കണ്ണടയാണോ എന്ന്. അത്രത്തോളം ഇംപാക്ട് ഉണ്ടായിരുന്നു ആ സീനിന്.
പദ്മിനിയും സിദ്ദിഖും പിന്നെ മോഹൻലാലും
ആ സെറ്റിൽ ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് പദ്മിനി ആന്റിയോടാണ്. ഭാഷ തന്നെയായിരുന്നു പ്രധാനപ്രശ്നം. അന്ന് എനിക്ക് മലയാളം ഒട്ടും അറിയില്ല. സിദ്ദിഖ്- ലാലിലെ സിദ്ദിഖ് ഇക്കയാണ് ഡയലോഗ് പഠിപ്പിച്ച് തന്നത്. അദ്ദേഹത്തിന് നല്ല ക്ഷമയുണ്ടായിരുന്നു. കാരണം ഒരുപാട് സമയം എടുത്താണ് ഡയലോഗുകളൊക്കെ പഠിച്ചത്. ഒരുമിച്ചുള്ള സീനിൽ ലാലേട്ടൻ നമ്മുക്ക് ഈ സീൻ ഇങ്ങനെ ചെയ്യാം അങ്ങനെ ചെയ്യാമെന്നൊക്കെയുള്ള സജഷൻസ് പറയുമായിരുന്നു.
സെറീന ഗേളി ആകുന്നതിന് മുൻപേ നദിയ ആയി...
സെറീന മൊയ്തു എന്നാണ് എന്റെ പേര്... സെറീന വഹാബ് പ്രശസ്തയായി നിൽക്കുന്ന സമയം ആയിരുന്നത് കൊണ്ടും അന്നൊക്കെ എല്ലാവരും പേര് മാറ്റുന്നത് പതിവായിരുന്നത് കൊണ്ടും ഫാസിൽ അങ്കിളാണ് പേര് നദിയ മൊയ്തു എന്ന് മാറ്റിയത്. ആദ്യം ഒരു കൺഫ്യൂഷൻ തോന്നിയെങ്കിലും പിന്നെ ആ ഫ്ലോയിൽ അങ്ങ് പോയി. പക്ഷേ ഇപ്പോഴും സിനിമയ്ക്ക് പുറത്ത് ഞാൻ സെറീന തന്നെയാണ്. അതാണ് എനിക്ക് ഇഷ്ടവും... ജീവിതത്തിലെ നദിയയുടെ പാർട്ടും സെറീനയുടെ പാർട്ടും ഞാൻ ആസ്വദിക്കുന്നുണ്ട്. അതിനെ മിക്സ് അപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഇന്നായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ സെറീന ആയി തുടർന്നേനെ...
ട്രെൻഡ് സെറ്ററായ ഗേളിയും ട്രെൻഡിങ്ങായി തുടരുന്ന നദിയയും
നമ്മൾ ഇഷ്ടപ്പെടുന്നവരും സ്നേഹിക്കുന്നവരും എന്തു ചെയ്താലും നമ്മുക്ക് ഇഷ്ടപ്പെടും, അത് നമ്മുക്ക് അവരോടുള്ള ഇഷ്ടത്തിന്റെ ഭാഗമാണ്. അതാണ് ഒരു കാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ എനിക്ക് കുറച്ച് സ്റ്റൈൽ ആയി നടക്കാനൊക്കെ ഇഷ്ടമാണ്. അതിന് വേണ്ടി എക്സ്ട്രാ എഫർട്ട് ഒന്നും ഇട്ടില്ലെങ്കിൽ പോലും ഒരു ഓർഗാനിക്ക് സ്റ്റൈൽ സംഭവിക്കുന്നത് ഒരു അനുഗ്രഹമാണ്. നമ്മുക്ക് എന്ത് ചേരും എന്ത് ചേരില്ല എന്ന് മനസിലാക്കുകയാണ് അതിൽ പ്രധാനം.
സിനിമയും കുടുംബവും
നോക്കെത്താ ദൂരത്തിൽ അഭിനയിച്ച ശേഷം ലഭിച്ച പോപ്പുലാരിറ്റി കണ്ടപ്പോൾ എന്റെ അച്ഛനും അമ്മയും പറഞ്ഞു തന്ന ഒരു കാര്യമുണ്ട്, സിനിമയ്ക്ക് ഉപരിയായി മറ്റൊരു ജീവിതം കൂടിയുണ്ട് എന്ന്. സിനിമയിൽ നിന്ന് കിട്ടുന്ന ഫെയിം എക്കാലവും നിലനിൽക്കണമെന്നില്ല. ‘സിനിമ ഈസ് എ വെരി ഇംപോർട്ടന്റ് പാർട്ട് ഓഫ് മൈ ലൈഫ്...’ പക്ഷേ, ‘WORK LIFE BALANCE IS VERY IMPORTANT’. സിനിമ പോലെ തന്നെ പ്രധാനമാണ് എനിക്ക് എന്റെ കുടുംബം. സിനിമയിൽ വരും മുൻപേ ഞാൻ തിരഞ്ഞെടുത്ത ആളാണ് എന്റെ ഭർത്താവ്. പലരും മൂത്തമകൾ അഭിനയിക്കുമോയെന്ന് ചോദിച്ചിരുന്നു. പക്ഷേ രണ്ടു മക്കളും പഠനം ജോലി അങ്ങനെ പോകാനാണ് ഇഷ്ടപ്പെട്ടത്. സിനിമ ഒരിക്കലും അവരെയും സ്വാധീനിച്ചിട്ടില്ല. ഒരാൾ അമേരിക്കയിലും രണ്ടാമത്തെയാൾ ലണ്ടനിലുമാണ്. സിനിമയിൽ വന്നിട്ട് കിട്ടിയതെല്ലാം ലൈഫിലെ ബോണസായി കരുതുന്നു. അതിൽ ഞാൻ അങ്ങേയറ്റം തൃപ്തയുമാണ്...
രണ്ടാംവരവിന് ശേഷവും ഇടവേള
പണ്ടത്തെ പോലെ അല്ല, ഇന്ന് സിനിമയിൽ നിൽക്കുകയെന്നത് അത്ര എളുപ്പമല്ല, നമ്മൾ വന്ന് അഭിനയിച്ച് പോയാൽ മാത്രം പോരാ, സിനിമയ്ക്ക് വേണ്ടി സിനിമയ്ക്ക് പുറത്ത് നമ്മൾ ധാരാളം സമയം ചെലവിടണം. പ്രമോഷൻസ്, ഇന്റർവ്യൂസ്, സോഷ്യൽ മീഡിയ പാർട്ട് അങ്ങനെ ഒരുപാട് കമ്മിറ്റ്മെന്റ്സ് ഇതിന്റെ ഭാഗമായുണ്ട്. അത്രയും സമയം നീക്കിവയ്ക്കാൻ പലപ്പോഴും കിട്ടാത്തത് കൊണ്ടാണ് സിനിമയിൽ സജീവമാകാത്തത്. മാത്രമല്ല എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ സിനിമ ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തൂ. പണം, പ്രശസ്തി ഒന്നും അവിടെ ഒരു ഘടകമായി ഞാൻ കാണുന്നില്ല. അങ്ങനെ നോക്കിയിരുന്നേൽ ഞാൻ ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കാൻ ശ്രമിക്കുമായിരുന്നു. അടുത്തിടെ ഞാൻ ഒരു സിനിമ ചെയ്തിരുന്നു, ഒരു പാതിരാ സ്വപ്നം പോലെ, സത്യജിത്ത് റേ ഇന്റസ്റ്റിറ്റ്യൂട്ടിലെ ശരൺ വേണുഗോപാൽ ആണ് എന്നെ ആ ചിത്രത്തിലേക്ക് വിളിക്കുന്നത്, അവരുടെ കോഴ്സിന്റെ ഭാഗമായി ചെയ്ത ഒരു സിനിമയാണ് അത്. എന്നെ വിളിക്കുമ്പോൾ തന്നെ ശരൺ അത് പറഞ്ഞിരുന്നു. ആ ചിത്രത്തിന് നാഷണൽ അവാർഡ് കിട്ടി. ഒരു സിനിമാ വിദ്യാർഥി എന്ന നിലയിൽ ശരൺ അംഗീകരിക്കപ്പെട്ടു. അതിന് ഞാനെന്ന കലാകാരിക്ക് ചെറുതായെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാൻ പറ്റി. അതാണ് സിനിമ എന്ന മീഡിയത്തിൽ എന്റെ സന്തോഷം. ശരൺ അതിന് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് നാരായണീന്റെ മൂന്നാൺമക്കൾ.
രണ്ടാംവരവിൽ എം കുമരൻ ചെയ്തതും ഇതുപോലെ തന്നെയാണ്, അമ്മവേഷം എന്നതിലുപരി സ്ത്രീ എന്ന നിലയിൽ അവരുണ്ടാക്കുന്ന നേട്ടമാണ് ഞാൻ ആ കഥാപാത്രത്തിൽ കണ്ടത്. എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള സിനിമകൾ ചെയ്യാനാണ് എനിക്ക് ആഗ്രഹം. ഇപ്പോൾ ഒരു കന്നഡ ചിത്രം ചെയ്യുന്നുണ്ട്. അതിൽ കുറച്ച് വ്യത്യസ്തമായ വേഷമാണ്.
കാലത്തിന് അതീതമായി സഞ്ചരിക്കുന്ന ശ്യാമയും വന്നു കണ്ടു കീഴടക്കിയും
റിറിലീസിന്റെ കാലമാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഒരു ക്ലാസിക് ചിത്രമാണെങ്കിലും അതിലെ ഓരോ ഡയലോഗും പ്രേക്ഷകർക്ക് കാണാപാഠമാണ്. അതുകൊണ്ട് തന്നെ തീയേറ്ററിലേക്ക് ആളുവരുമോയെന്ന് സംശയമാണ്. പക്ഷേ ശ്യാമയും വന്നു കണ്ടു കീഴടക്കിയും ഒരിക്കൽ കൂടി തീയേറ്ററിൽ കാണണമെന്ന് ആഗ്രഹിക്കാറുണ്ട്.