ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യിലെ രജനികാന്തിന്‍റെ ആദ്യചിത്രം പുറത്ത്. രജനികാന്തിന് നന്ദി പറയുന്നതിനൊപ്പം ‘ഇത് കലക്കും’ എന്ന കുറിപ്പും ലോകേഷ് പങ്കുവച്ചിട്ടുണ്ട്. 1421 എന്ന നമ്പറുള്ള ഒരു കാര്‍ഡും പിടിച്ചിരിക്കുന്ന രജനികാന്തിന്‍റെ ബ്ലാക് ആന്‍റ് വൈറ്റ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
നാഗാര്‍ജുന, ശ്രുതി ഹാസന്‍, മലയാള താരം സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. നാഗാര്‍ജുനയുടെ 69–ാം പിറന്നാളിന് ‘കൂലി’യുടെ അണിയറ പ്രവര്‍ത്തകര്‍ ഒരു പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ‘കൂലി’യിലേക്ക് നാഗാര്‍ജുനയെ സ്വാഗതം ചെയ്യുന്ന ഒരു ക്യാരക്ടര്‍ പോസ്റ്ററായിരുന്നു അത്. ചിത്രത്തില്‍ സൈമണ്‍ എന്ന കഥാപാത്രത്തെയാണ് നാഗാര്‍ജുന അവതരിപ്പിക്കുന്നത്.
ദയാല്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്നത്. പ്രീതിയായി ശ്രുതി ഹാസനും എത്തുന്നു. കലാനിധി മാരന്‍റെ സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് സംഗീതവും സംഘട്ടനം അന്‍പറിവുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് ചിത്രം കൂടിയാണിത്.