സൗബിൻ ഷാഹിറും ബേസിൽ ജോസഫും ഒന്നിച്ചെത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. ഒരു കള്ളുഷാപ്പില്‍ നടന്ന കൊലപാതകവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
കാലിന് മുടന്തുള്ള നരച്ച മുടിയുമായി വേറിട്ട മേക്കോവര്‍ ലുക്കിലാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്. കൊലപാതകം അന്വേഷിക്കാനെത്തുന്ന പൊലീസുകാരനായാണ് ബേസിൽ എത്തുന്നത്.
അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രാവിൻകൂട് ഷാപ്പിന്‍റെ ചിത്രീകരണം എറണാകുളത്തും തൃശൂരുമായാണ് നടന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയറ്ററുകളിൽ എത്തുന്നതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
സൗബിൻ ഷാഹിറും ബേസിൽ ജോസഫും കൂടാതെ, ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ, ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, തുടങ്ങിയവരും മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. സസ്പെന്‍സും കോമഡിയും ചേര്‍ന്ന ചിത്രത്തിന്‍റെ ആകാംഷയിലാണ് ആരാധകര്‍.