മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ആദ്യ സ്ക്രീനിങ് കഴിഞ്ഞതായി റിപ്പോര്‍ട്ട്. മുംബൈ പിവിആറില്‍ അണിയറ പ്രവര്‍ത്തകര്‍ക്കായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സംവിധായകനും നടനുമായ മോഹന്‍ലാല്‍, ക്യാമറമാന്‍ സന്തോഷ് ശിവന്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ എന്നിവര്‍ ബറോസ് സ്‌ക്രീനിങ്ങിനായി മുംബൈയില്‍ എത്തിയിരുന്നു. സിനിമയുടെ ത്രിഡി വേർഷനാണ് പ്രിവ്യു ചെയ്തത്.
ചിത്രത്തിന്റെ ഫൈനല്‍ ഔട്ട്പുട്ടില്‍ അണിയറക്കാരെല്ലാം പൂര്‍ണ തൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. മോഹന്‍ലാലിന്റെയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ വൈറലായിട്ടുണ്ട്. ഈ മാസം ആദ്യ ആഴ്ച ആയിരുന്നു റിലീസ് തീരുമാനിച്ചിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടതിനാല്‍ ക്രിസ്മസ് റിലീസിലേക്ക് മാറ്റുകയായിരുന്നു. ഡിസംബര്‍ 19 നോ 20 നോ ആയിരിക്കും ബറോസ് ഇനി തിയറ്ററുകളിലെത്തുക.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ബറോസും ത്രീഡിയില്‍ തന്നെയാണ് തിയറ്ററുകളില്‍ എത്തുക. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്.