മലയാള സിനിമാലോകത്ത് ‘ദൃശ്യം’ തീര്‍ത്ത കഥാവിരുന്ന് ഇനിയും തുടരുമെന്ന പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ‘ദൃശ്യം 3’ ഒരുങ്ങുകയാണെന്ന അനൗദ്യോഗിക വാര്‍ത്ത സമൂഹമാധ്യമത്തില്‍ ഒരിടവേളയ്ക്കു ശേഷം ശക്തമായിരിക്കുന്നു.
എക്സിലടക്കം ദൃശ്യം 3 ട്രെന്‍ഡിങ്ങായി കഴിഞ്ഞു. ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് തയ്യാറായിക്കഴിഞ്ഞു. 2025ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. അതേവര്‍ഷം തന്നെ ക്രിസ്മസ് റിലീസായി ചിത്രമെത്തുമെന്നാണ് പ്രചരിക്കുന്ന വിവരം. ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ സമൂഹമാധ്യമത്തില്‍ നിറയുകയാണ്. ‘ആ ക്ലാസിക് ക്രിമിനല്‍ തിരിച്ചുവരുന്നു’ എന്ന സന്തോഷം പങ്കിടുകയാണ് സിനിമാപ്രേമികള്‍.
ദൃശ്യം 3 സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി. ജോര്‍ജുകുട്ടിയ്ക്കും കുടുംബത്തിനും ജീവിതത്തില്‍ പിന്നീടുണ്ടായ മാറ്റം. വരുണ്‍ തിരോധാനക്കേസ് വീണ്ടും ഉയരുന്നതും കോടതി നടപടികളും തുടങ്ങി കേസിലെ നിര്‍ണായക ഘട്ടം മെഡിക്കല്‍ കോളജ് വരെയെത്തി നില്‍ക്കുന്നതാണ് ദൃശ്യം രണ്ടാം ഭാഗം വരെ കണ്ടത്.
ജോര്‍ജുകുട്ടി എന്ന ആ ക്ലാസിക് ക്രിമിനല്‍ തന്‍റെ കുടുംബത്തിനായി ചെയ്തുകൂട്ടുന്ന കാര്യങ്ങളത്രയും പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ഇതിനൊരു അവസാനമില്ലേ എന്ന ചോദ്യവും രണ്ടാം ഭാഗം പുറത്തിറങ്ങിയപാടെ ഉയര്‍ന്നു. അതിനുള്ള ഉത്തരമാകുമോ ജീത്തു ജോസഫ് മൂന്നാം ഭാഗത്തില്‍ നല്‍കുക എന്നതിലേക്കുള്ള കാത്തിരിപ്പിലാണ് ആരാധകരും.