മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. വലിയ പ്രതീക്ഷകളോടെയാണ് ജനുവരി 25ന് ആക്ഷന്‍ ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയം ചിത്രത്തിനു നേടാനായില്ല എന്നുമാത്രമല്ല, ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിന് ലഭിക്കുന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് മോഹന്‍ലാല്‍. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന്‍റെ കുറ്റം മുഴുവന്‍ സിനിമയില്‍ അഭിനയിച്ച നടന്‍റെ തോളിലാണെന്ന് മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രമോഷൻ ഭാഗമായി ഗലാട്ട പ്ലസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈക്കാര്യം വെളിപ്പെടുത്തിയത്.
മോഹന്‍ലാല്‍ പറയുന്നതിങ്ങനെ, പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് എനിക്ക് വലിയ വെല്ലുവിളിയാണ്. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ചിത്രം ഞാൻ ചെയ്തിരുന്നു, മലൈക്കോട്ടൈ വാലിബൻ.വളരെ മികച്ച സിനിമയാണത്, പക്ഷേ തിയേറ്ററുകളിൽ സിനിമ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. എനിക്കും എന്റെ ആരാധകർക്കും കുടുംബത്തിനുമെല്ലാം അത് വിഷമമുണ്ടാക്കിയിരുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെയാണ്. ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം മുഴുവൻ അതില്‍ അഭിനയിച്ച നടന്‍റെ തോളിലാണ്.
ഇനിയും നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസ്' ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. ഒരു ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന സിനിമ വമ്പൻ ബഡ്ജറ്റിൽ 3D യിലാണ് ഒരുങ്ങുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും' ആണ് മറ്റൊരു സിനിമ.