pani-official-trailer-released

ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന് ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'യുടെ ട്രെയിലർ പുറത്തിറങ്ങി. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 24നാണ് തിയേറ്റർ റിലീസ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും മറന്നാടു പുള്ളേ... എന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. 

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്‍റെ നായികയായി 10 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാണുന്നത്. താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ. 

ENGLISH SUMMARY:

PANI Official Trailer released