മുന്‍ ഭാര്യയെയും മകളെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുതെന്ന നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്തതിലല്ല സ്വന്തം ചോര എതിരായതിലാണ് സങ്കടമെന്ന് ബാലയുടെ പ്രതികരണം.
അതേസമയം, മദ്യപിച്ച് കാറോടിച്ച് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച നടന്‍ ബൈജു സന്തോഷ് അറസ്റ്റില്‍. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെളളയമ്പലത്താണ് അപകടം. കാര്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. രക്തപരിശോധനയ്ക്ക് ബൈജു വിസമ്മതിച്ചെങ്കിലും മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്കി. ഒപ്പമുണ്ടായിരുന്ന യുവതി മകളെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും ഇക്കാര്യം നിഷേധിച്ച മകള്‍, ബന്ധുവാണ് കൂടെയുണ്ടായിരുന്നതെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു.