ഇന്ത്യൻ ആർമി ഓഫീസർ മേജർ മുകുന്ദ് വരദരാജൻറെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മിച്ച ചിത്രം 'അമരന്‍' തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. മേജര്‍ മുകുന്ദ് വരദരാജനായി ശിവകാർത്തികേയനെയും ഇന്ദുവായി സായ് പല്ലവിയെയും പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തു കഴിഞ്ഞു.
ഇപ്പോഴിതാ, മറ്റൊരു ആര്‍മി ഓഫിസറുടെ ജീവിതകഥ പറയുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. 1962 ലെ റെസാങ്-ലാ യുദ്ധത്തിലെ വീരനായകന്‍ ഇന്ത്യൻ ആർമി ഓഫീസർ മേജർ ഷൈതാൻ സിങ്ങിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ‘120 ബഹാദൂർ’ എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. 120 ബഹാദൂറിന്‍റെ ഔദ്യോഗിക പോസ്റ്റർ നടൻ ഫർഹാൻ അക്തർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
1962 കഴിഞ്ഞ് 62 വർഷം കഴിഞ്ഞു. ഇന്ന്, റെസാങ് ലായിലെ വീരന്മാരുടെ സമാനതകളില്ലാത്ത ധീരതയെയും ത്യാഗത്തെയും ഞങ്ങൾ ആദരിക്കുന്നു. അവരുടെ കഥ കാലക്രമേണ പ്രതിഫലിക്കുകയാണ്. സ്വാതന്ത്ര്യത്തിന്‍റെ വിലയെക്കുറിച്ചും ഐക്യത്തിൻ്റെ ശക്തിയെക്കുറിച്ചും നമ്മള്‍ ഒരോരുത്തരെയും അത് ഓര്‍മിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിൽ സമാനതകളില്ലാത്ത ധീരത പ്രകടിപ്പിച്ച ആ സംഘത്തിന് ഒരു പ്രത്യേക സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് ഫർഹാൻ അക്തർ പോസ്റ്റര്‍ പങ്കുവച്ചത്.
മേജർ ഷൈതാൻ സിങ്ങായി ഫർഹാൻ ആക്തറാണ് വേഷമിടുന്നത്. സെപ്റ്റംബറിൽ ഫർഹാന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ എക്സൽ എന്‍റര്‍ടെയ്മെന്‍റ് ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. രസ്നീഷ് ‘റസി’ ഘായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2025 ലാണ് ചിത്രത്തിന്‍റെ റിലീസ് പ്രതീക്ഷിക്കുന്നത്.