താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ബറോസിന്റെ വിശേഷങ്ങളുമായി നടൻ മോഹൻലാൽ 1000 കുട്ടികൾക്ക് നടുവിൽ. സുഖമില്ലാത്തതിനാൽ അമ്മയെ തിയറ്ററിൽ കൊണ്ടുപോയി സിനിമ കാണിക്കാൻ ആവില്ലെന്ന സങ്കടവും മോഹൻലാൽ പങ്കുവെച്ചു. മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്നു മനോരമ നല്ലപാഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ബറോസും ആയിരം കുട്ടികളും’ എന്ന പരിപാടിയിലാണ് നടൻ മനസ്സ് തുറന്നത്.
ബറോസ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യാൻ എത്തിയതായിരുന്നു മോഹൻലാൽ. നടനോട് ചോദ്യങ്ങൾ ചോദിക്കാം എന്നു പറഞ്ഞതോടെ, കുട്ടിക്കൂട്ടം ആവേശത്തിലായി. സംവിധായകനായതിൽ അമ്മയുടെ പ്രതികരണത്തെക്കുറിച്ച് ആയിരുന്നു ആദ്യ ചോദ്യം.
സ്കൂൾ വിശേഷങ്ങൾ മുതൽ ബറോസ് വരെ എത്തിനിന്നു ചോദ്യങ്ങൾ. 47 വർഷം തികയുന്ന തന്‍റെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന നിർബന്ധമുണ്ടായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ചിത്രത്തിലെ ഒരു ഗാനം മോഹൻലാൽ പാടിയതോടെ നിലയ്ക്കാത്ത കയ്യടി.
നിധി കാക്കുന്ന ഭൂതം എന്ന വിഷയത്തിലായിരുന്നു ചിത്രരചനാ മത്സരം. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരം കുട്ടികളാണ് പങ്കെടുത്തത്. ചിത്രരചനാ വേദിയിൽ ബറോസ് ട്രഷർ ഹണ്ട് മത്സരവും അരങ്ങേറി. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇൻഷ്യേറ്റിവ്സ് ഡയറക്ടർ ടോം ജോസഫ്, മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ എന്നിവർ പ്രസംഗിച്ചു