തെലുങ്ക് ബിഗ് ബജറ്റ് ചിത്രം 'കണ്ണപ്പ'യില്‍ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.. ചിത്രത്തിൽ പരമശിവനായാണ് താരം എത്തുന്നത്. 'മൂന്ന് ലോകങ്ങളെയും അടക്കി ഭരിക്കുന്ന മഹോന്നത ദൈവത്തത്തോടുള്ള വിശുദ്ധമായ ഭക്തിക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നു' എന്നാണ് അക്ഷയ് കുമാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകങ്ങൾ.
നേരത്തെ പുറത്തുവന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്കും ശ്രദ്ധ നേടിയിരുന്നു. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനും അക്ഷയ് കുമാറിനും പുറമേ പ്രഭാസും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
തെലുങ്ക് താരം വിഷ്ണു മഞ്ചുവാണ് കണ്ണപ്പയില്‍ നായകനാവുന്നത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം 2025 ഏപ്രിൽ 25 ന് റിലീസ് ചെയ്യും. 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അർപിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്കിനു പുറമേ തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ആറോളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.