ലഹരി ഉപയോഗിക്കുന്ന ആളുകളുമായി ഇനി സിനിമ ചെയ്യില്ലെന്ന നിലപാടെടുത്ത് നടി വിൻസി അലോഷ്യസ്. തന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്ന ആളുകൾക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ഇങ്ങനെയൊരു തീരുമാനം കൊണ്ട് സിനിമകൾ നഷ്ടമായേക്കാമെന്നും വിൻസി പറയുന്നു. കെസിവൈഎം എറണാകുളം അങ്കമാലി മേജർ അതിരൂപത 67ാം പ്രവർത്തനവർഷം, പള്ളിപ്പുറം പള്ളിയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താരം.
‘‘കെസിവൈഎം എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ പ്രവർത്തനവർഷം ഉദ്ഘാടനമാണിത്. ഈ പരിപാടിയുടെ പ്രധാനലക്ഷ്യം ലഹരി വിരുദ്ധ ക്യാംപെയ്ൻ കൂടിയാണ്. ഞാൻ നിങ്ങൾക്കു മുന്നിൽ ഒരുകാര്യം പറയുകയാണ്. ചിലപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതു കൊണ്ട് മുന്നോട്ടു പോകുമ്പോൾ എനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമായിരിക്കും. എങ്കിലും ഞാൻ പറയുകയാണ്, എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരാണ് എന്നറിഞ്ഞവർക്കൊപ്പം ഒരു സിനിമ ഇനി ചെയ്യില്ല. ഇങ്ങനെയൊരു കാര്യം പറഞ്ഞുകൊണ്ട് ഈ പരിപാടി ഞാൻ ഉദ്ഘാടനം ചെയ്യുന്നു.’’–വിൻസി യുടെ വാക്കുകൾ.
നടിയുടെ നിലപാടിനെ പ്രശംസിച്ച് വലിയ പിന്തുണയാണ് ആളുകളുടെ ഇടയിൽ ലഭിക്കുന്നത്. ഇങ്ങനെയൊരു ധീരമായ നിലപാടെടുക്കാന്‍ മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം തയാറാകണമെന്നും സമൂഹത്തെ സ്വാധീനിക്കുന്ന അഭിനേതാക്കളുടെ വലിയൊരു പിന്തുണ ലഹരിവിരുദ്ധ ക്യാംപെയ്നുകൾക്ക് ആവശ്യമാണെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.