ബോളിവുഡിന്റെ കിങ് ഷാരൂഖ് ഖാനെ കാണാനെത്തിയ ഒരു ആരാധകന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഒന്നും രണ്ടുമല്ല 95 ദിവസമാണ് തന്റെ ഇഷ്ടതാരത്തെ കാണാന്‍ ജാര്‍ഖണ്ഡ് സ്വദേശിയായ ഷേര്‍ മുഹമ്മദ് മന്നത്തിന് മുന്നില്‍ കാത്തുനിന്നത്. ഒടുവില്‍ തന്റെ 59ാം പിറന്നാള്‍ ദിനത്തില്‍ ഷാരൂഖ് ആരാധകന്റെ സ്വപ്നം സഫലമാക്കി. ഷേര്‍ മുഹമ്മദ് ഷാരൂഖിനെ നേരില്‍ കാണുക മാത്രമല്ല ഒപ്പം നിന്ന് ഫൊട്ടോ എടുത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. മാസങ്ങളായുളള തന്റെ കാത്തിരിപ്പും സ്വപ്നവും പൂവണിഞ്ഞ സന്തോഷത്തിലാണ് ഷേര്‍ മുഹമ്മദ്. ഷാരൂഖും ഷേര്‍ മുഹമ്മദും ഒന്നിച്ചുളള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ജാര്ഖണ്ഡിലുളള തന്റെ കമ്പ്യൂട്ടര്‍ സ്ഥാപനം അടച്ചിട്ടിട്ടാണ് ഭാര്യയും മക്കളുമുളള ഷേര്‍ മുഹമ്മദ് മുംബൈയിലേക്ക് പുറപ്പെട്ടത്. ബാന്ദ്രയിലെത്തിയ ശേഷം എല്ലാ ദിവസവും ഷേര്‍ മുഹമ്മദ് തന്റെ ഇഷ്ടതാരത്തെ കാണാന്‍ മന്നത്തിന് മുന്നില്‍ കാത്തുനില്ക്കുമായിരുന്നു. രാത്രി ഉറക്കവും സ്വന്തം വാഹനത്തില്‍ തന്നെ. ദിവസങ്ങള്‍ കടന്നുപോയിട്ടും ഷാരൂഖിനെ കാണാന്‍ മാത്രം ഷേര്‍ മുഹമ്മദിന് സാധിച്ചില്ല. നവംബര്‍ 2ന് ഷാരൂഖിന്റെ 59ാം പിറന്നാളായിരുന്നു. പതിവുപോലെ ആരാധകരെ കാണാന്‍ താരം മന്നത്തിലെ ബാല്ക്കെണിയിലെത്തുമെന്ന പ്രതീക്ഷയായിലായിരുന്നു ഷേര്‍ മുഹമ്മദും. എന്നാല്‍ സുരക്ഷാപ്രശ്നങ്ങള്‍ കാരണം ഇത്തവണ ഷാരൂഖ് ആരാധകരെ കാണാനെത്തിയില്ല.
അതേസമയം പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഒരു ഇന്‍ഡോര്‍ പരിപാടിയില്‍ കുറച്ച് ആരാധകരെ നേരിട്ട് കാണാനും അവരുമായി സംവദിക്കാനും ഷാരൂഖ് അവസരമൊരിക്കിയിരുന്നു. ഈ ചടങ്ങിലാണ് ഷേര്‍ മുഹമ്മദ് തന്റെ ഇഷ്ടതാരത്തെ നേരില്‍ കണ്ടതും ഒരുമിച്ചൊരു ഫൊട്ടോ എന്ന സ്വപ്നവും നിറവേറ്റിയത്. ഷേര്‍ മുഹമ്മദും ഷാരൂഖ് ഖാനും ഒന്നിച്ച് നില്ക്കുന്ന ചിത്രം ഷാരൂഖ് ആരാധകര്‍ തങ്ങളുടെ ഒഫീഷ്യല്‍ ഫാന്‍ പേജുകളിലും പങ്കുവച്ചിരുന്നു.