ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. വിജയ് പ്രധാനവേഷത്തിലെത്തിയ അറ്റ്ലി ചിത്രം 'തെരി'യുടെ ഹിന്ദി റീമേക്കിലാണ് കീര്‍ത്തി എത്തുന്നത്. ബേബി ജോണ്‍ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴില്‍ സാമന്ത ചെയ്ത കഥാപാത്രത്തെയാണ് ഹിന്ദി റീമേക്കില്‍ കീര്‍ത്തി അവതരിപ്പിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ചിത്രത്തിന്റെ ടീസര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്.
ജീവ നായകനായെത്തി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ബേബി ജോണ്‍ സംവിധാനം ചെയ്യുന്നത്. തെരി പോലെത്തന്നെ ആക്ഷന്‍ പ്രാധാന്യം നല്കുന്ന ചിത്രമാണ് ബേബി ജോണ്‍ എന്നാണ് ടീസര്‍ നല്കുന്ന സൂചന. ജാക്ക് ഷ്റോഫ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. തെരിയില്‍ ആമി ജാക്സണ് അവതരിപ്പിച്ച ടീച്ചര്‍ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് വാമിഖ ഗബ്ബിയാണ്.
ജിയോ സ്റ്റുഡിയോസിന്റെ കീഴില്‍ ആറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ടെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാക്കിര്‍ ഹുസൈൻ, രാജ്പാല് യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബേബി ജോണ്‍ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.