ഇന്ത്യന്‍ ഡിസൈനര്‍മാര്‍ തീര്‍ത്ത ഔട്ട്ഫിറ്റില്‍ തിളങ്ങി റിയാന. ഇന്ത്യന്‍ ഫാഷനില്‍ അമേരിക്കന്‍ പോപ് താരം ഇപ്പോഴും അഭിരമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫാഷന്‍ പ്രേമികളും റിയാനയുടെ ആരാധകരും. കഴിഞ്ഞ മേയില് ആനന്ദ് അംബാനി രാധിക മെര്‍ച്ചന്‍റ് എന്നിവരുടെ വിവാഹത്തിന് റിയാന ഇന്ത്യയിലെത്തിയിരുന്നു. സ്വന്തം ബ്രാന്‍ഡായ ഫെന്‍റി ഹെയറിന്‍റെ ലോഞ്ചുമായി ബന്ധപ്പെട്ടായിരുന്നു റിയാനയുടെ രംഗപ്രവേശം.
മെറൂണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങിയ താരത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഔട്ട്ഫിറ്റിനേക്കാള്‍ ഫാഷന്‍ ലോകം ശ്രദ്ധിച്ചത് റിയാനയുടെ ചോക്കറും നെക്ലേസുമാണ്. ഇന്ത്യന്‍ പ്രൗഢിയില്‍ തിളങ്ങുന്ന വജ്രങ്ങളാണ് രണ്ട് നെക്ക് പീസിലെയും ആകര്‍ഷണം.
റൂബി ചോക്കര്‍ നിര്‍മിച്ചത് മനീഷ് മല്‍ഹോത്രയാണ്. സബ്യസാച്ചി മുഖര്‍ജിയാണ് നെക്ലേസിന് പിന്നില്‍. ഇന്ത്യന്‍ ഫാഷന്‍ ചിത്രം രാജ്യാന്തര തലത്തില്‍ മാറ്റിയെഴുതിയവരാണ് ഇരുവരും. 18 ക്യാരറ്റ് സ്വര്‍ണത്തിലായിരുന്നു ചോക്കര്‍ നിര്‍മിച്ചത്. സബ്യസാചിയുടെ ഹൈ ജ്വല്ലറിയിൽ നിന്നുള്ളതാണ് ഈ ത്രീ-ഡ്രോപ്പ് റൂബെലൈറ്റ്, ടൂർമാലിൻ, ബ്രില്ല്യന്‍റ് കട്ട് ഡയമണ്ട് നെക്ലേസ്. മെറൂണ്‍ നിറത്തിലുള്ള ലെതറിന്‍റെ ബോഡികോണ്‍ ഡ്രസും ജാക്കറ്റുമാണ് റിയാന ധരിച്ചത്. ചിത്രങ്ങള്‍ സബ്യസാചിയും മനീഷ് മൽഹോത്രയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുമുണ്ട്.