fahad-nandamoori-balakrishna

ഫഹദ് ഫാസിൽ നായകനായി തിയറ്ററുകളെ ഇളക്കിമറിച്ച മലയാളചിത്രം ‘ആവേശം’ തെലുങ്ക് റീമേക്കിനൊരുങ്ങുന്നു. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ‘രംഗണ്ണനായി’ എത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളത്തില്‍ തിയറ്ററിലും ഒടിടിയിലും ഒരുപോലെ ‘ആവേശം’ തീര്‍ത്ത ചിത്രം തെലുങ്ക് സ്ക്രീനിലെത്തുമ്പോള്‍ നന്ദമൂരി ബാലക‍ൃഷ്ണയുടെ ‘രംഗണ്ണനെ’ ആരാധകര്‍ ഏറ്റെടുക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാലോകം.

ഹരീഷ് ശങ്കറാകും തെലുങ്ക് പതിപ്പിന്റെ സംവിധാനം. തെലുങ്കിലെ മുന്‍നിര പ്രൊ‍‍ഡക്ഷന്‍ കമ്പനികളില്‍ ഒന്നായ മൈത്രി മൂവി മേക്കേഴ്സായിരിക്കും ചിത്രം പുറത്തിറക്കുക. അടുത്ത വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ബാലകൃഷ്ണയും ഹരീഷ് ശങ്കറും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വർഷങ്ങളായി റീമേക്ക് സിനിമകൾ ഒരുക്കുന്ന സംവിധായകനാണ് ഹരീഷ്. 

ജിത്തു മാധവനായിരുന്നു മലയാളത്തില്‍ ചിത്രം സംവിധാനം ചെയ്തിരുന്നത്. ആശിഷ് വിദ്യാര്‍ത്ഥി, റോഷന്‍, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, നീരജ രാജേന്ദ്രന്‍, പൂജ മോഹന്‍രാജ്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരന്നത്. തിയറ്ററിൽ റിലീസിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളിലും വന്‍ ‘ആവേശമാണ്’ ചിത്രം സൃഷ്ടിച്ചത്. സുഷിന്‍ ശ്യാമിന്‍റെ സംഗീതമായിരുന്നു ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ആകര്‍ഷണം. കൂടാതെ ഫഹദ് ഫാസിലിന്‍റെ മുഴുനീള പ്രകടനവും ചിത്രത്തിന് കയ്യടിനേടിത്തരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശം നിര്‍മിച്ചത്. നസ്രിയ നസീമും ചിത്രത്തിലെ നിര്‍മാണ പങ്കാളിയാണ്. 

ENGLISH SUMMARY:

Malayalam film 'Aavesam' gearing up for a Telugu remake.