bazooka-mammootty

Image Credit: Youtube

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസര്‍ പുറത്ത്. മമ്മൂട്ടിയുടെ കലക്കന്‍ ലുക്കും മാസ് ഡയലോഗുമാണ് ടീസറിന്‍റെ ഹൈലറ്റ്. മമ്മൂട്ടിക്കൊപ്പം തമിഴ് ഹിറ്റ് മേക്കര്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. നവാഗതനായ ഡീനോ ഡെന്നിസാണ് ബസൂക്കയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ടീസര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുളളില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ബസൂക്ക നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. മാത്രമല്ല കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയ്ക്കു ശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ കലൂർ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്.

ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗൗതം വാസുദേവ്  മേനോൻ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്‍റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിമിഷ് രവിയും എഡിറ്റിങ് നിഷാദ് യൂസഫുമാണ് നിര്‍വഹിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ടര്‍ബോയ്ക്ക് ശേഷം റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം കൂടിയാണ് ബസൂക്ക. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. 

ENGLISH SUMMARY:

Bazooka Movie Teaser Out Now