sneha-post

Image Credit: Facebook

നടനും ഭര്‍ത്താവുമായ ശ്രീകുമാറിനൊപ്പമുളള പ്രണയാര്‍ദ്രചിത്രം പങ്കുവച്ച് സ്നേഹ ശ്രീകുമാര്‍. ശ്രീകുമാറിനെതിരെയുളള ലൈംഗികാതിക്രമ കേസിന്‍റെ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ വലിയ രീതിയിലുളള സൈബറാക്രമണമാണ് താരത്തിനെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ഭര്‍ത്താവായ ശ്രീകുമാറിന് പൂര്‍ണപിന്തുണ അറിയിച്ചുകൊണ്ടാണ് സ്നേഹ സമൂഹമാധ്യമത്തില്‍ ഇരുവരുമൊന്നിച്ചുളള ചിത്രം പങ്കുവച്ചത്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന പരാതിയിലാണ് നടൻ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്.

‘ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് സ്നേഹ ചിത്രം പങ്കുവച്ചത്. സ്നേഹയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് ശ്രീകുമാറിനെ പിന്തുണച്ച് രംഗത്തെത്തിയത്. അതേസമയം താരത്തെ വിമര്‍ശിച്ചും കമന്‍റുകളെത്തി. സീരിയല്‍ നടിയുടെ പരാതിയിലാണ് എസ് പി ശ്രീകുമാറിനും നടന്‍ ബിജു സോപാനത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഇൻഫോപാർക്ക് പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തത്. 

ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ സീരിയൽ നടിയുടെ കേസും അന്വേഷിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.