കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തെരുവില്‍ നൃത്തമാടി നടി മോക്ഷ. കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം നടന്നുവരികയാണ്. അക്കൂട്ടത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. കളളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി മോക്ഷ സെന്‍ഗുപ്തയാണ് തെരുവില്‍ പ്രതിഷേധ നൃത്തം ചെയ്തത്.
കൊൽക്കത്തയിൽ നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബംഗാളി നടി മോക്ഷയുടെ നൃത്തം. സന്തോഷ്പുരിൽ ഒരു എൻ.ജി.ഓ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോക്ഷ നൃത്തം ചെയ്തത്. കാസി നസ്റുൾ ഇസ്ലാം എഴുതിയ ഒരു കവിത പശ്ചാത്തലമാക്കിയായിരുന്നു മോക്ഷയുടെ നൃത്തം. ഓഗസ്റ്റ് 31ന് നടന്ന പ്രതിഷേധനൃത്തത്തിന്‍റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സൈബറിടത്ത് ശ്രദ്ധനേടിയത്. കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ച് ഇതിനുമുൻപും മോക്ഷ പ്രതികരിച്ചിട്ടുണ്ട്.
ഒരു കലാകാരിയെന്ന നിലയിലാണ് താന്‍ പ്രതിഷേധത്തിനായി തെരുവ് പ്രകടനം തിരഞ്ഞെടുത്തെന്ന് മോക്ഷ പറയുന്നു. സാധാരണക്കാരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ കല ഉപയോഗിച്ച് വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ തന്‍റെ സമയം നീക്കിവച്ചുവെന്നും മോക്ഷ പ്രതികരിച്ചു. അതേസമയം ബംഗാളിലെ ഡോക്ടറുടെ കൊലപാതകം അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സിബിഐ ചൂണ്ടിക്കാട്ടി. പ്രതിയെ സംരക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നു. ആശുപത്രി അഡ്മിൻ പോലീസുകാരുമായി ഒത്തുകളിച്ചു എന്നുമാണ് സിബിഐ കണ്ടെത്തൽ.
മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയും സംഭവ സമയത്തെ വസ്ത്രങ്ങൾ ശേഖരിക്കുന്നത് വൈകിപ്പിച്ചും പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ചു. തെറ്റായ രേഖകൾ നൽകി.ആശുപത്രി അഡ്മിൻ പോലീസുകാരുമായി ഒത്തുകളിച്ചു.വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന കുടുംബത്തിൻറെ ആവശ്യം പരിഗണിച്ചില്ല എന്നും സിബിഐ പറയുന്നു.