ശ്രീനിവാസന്‍റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന നടനാണ് ബേസില്‍ ജോസഫെന്ന് ഉര്‍വ്വശി. മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് ഉര്‍വശി ബേസിലിനെ കുറിച്ച് ഇങ്ങനെ ഒരഭിപ്രായം പ്രകടിപ്പിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മികച്ച നടന്മാരായി മലയാള സിനിമയില്‍ കാണുന്നതാരെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉര്‍വ്വശി. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ന് താന്‍ മികച്ച നടനായി കാണുന്നത് ഫഹദ് ഫാസിലിനെയാണെന്നും ഉര്‍വ്വശി പറഞ്ഞു.
ഉര്‍വ്വശിയുടെ വാക്കുകള്‍ ഇങ്ങനെ: 'ഒരു ബ്രില്യന്‍റ് ആക്ടറിനെ പറയാനാണെങ്കില്‍ ശ്രീനിയേട്ടന്‍റെ പിന്‍ഗാമി ആയി പറയാവുന്നത് ബേസില്‍ ജോസഫിനെയാണ്. ബാക്കി എല്ലാവരും ടാലന്‍റഡ് ആണ്. ആരേയും കുറച്ച് പറയുന്നില്ല, ഒരോരുത്തരും ഓരോ രീതിയാണ്. പിന്നെ പൃഥ്വിരാജ്, അയാളുടെ ഉള്ളില്‍ വളരെ നല്ല സംവിധായകന്‍ ഉണ്ടെന്നും തെളിയിച്ചു. അങ്ങനെ ലാലേട്ടനും മമ്മൂക്കക്കും ശേഷം വന്ന ഒരുപാട് നടന്മാര്‍ ഓള്റൗണ്ടേഴ്സായി ഇവിടെ വരുന്നു, എങ്കിലും ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ വളരെയധികം സ്വാധീനമുണ്ടാക്കാന്‍ പറ്റുന്ന നടനാണ് ഫഹദ്' എന്നും ഉര്‍വ്വശി പറഞ്ഞു.
ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായി ഫഹദ് മാറുമെന്നും ഏത് കഥാപാത്രവും ചെയ്യാന്‍ കഴിയുന്ന നടനാണ് അദ്ദേഹമെന്നും ഉര്‍വശി പറഞ്ഞു. ബാക്കിയുള്ളവരും കഴിവുള്ളവരാണെന്നും എന്നാല്‍ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ വളരെയധികം സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന നടനാണ് ഫഹദെന്നും ഉര്‍വ്വശി കൂട്ടിച്ചേര്‍ത്തു. അതേസമയം നസ്രിയ നസീമിനൊപ്പമുളള സൂക്ഷ്മദര്‍ശിനിയാണ് ബേസില്‍ ജോസഫിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഹാപ്പി അവേർസ് എന്‍റർടൈൻമെന്‍റ്സിന്‍റെയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് 'സൂക്ഷ്മദര്‍ശിനി' നിര്‍മിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.