കൊച്ചി പൊന്നുരുന്നിയിൽ അങ്കണവാടിയിലെ ഭക്ഷണം കഴിച്ച കുട്ടികൾക്കും അധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ. അങ്കണവാടിയുടെ കുടിവെള്ള ടാങ്കിൽ പാറ്റകളും പല്ലിയും ചത്തനിലയിൽ കണ്ടെത്തി. കാട് പിടിച്ച് കിടക്കുന്ന അങ്കണവാടിക്ക് സമീപത്തെ തോടും മാലിന്യ കൂമ്പാരമാണ്.
കൊച്ചി നഗരമധ്യത്തിലാണ് അകവും പുറവും മാലിന്യം നിറഞ്ഞ അങ്കണവാടി കെട്ടിടം . ഇവിടെയെത്തുന്ന ഇരുപതിലേറെ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്ത് നൽകുന്നത് പല്ലിയും പാറ്റകളും ചത്ത് നിറഞ്ഞ ഈ ടാങ്കിലെ വെള്ളത്തിൽ. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 12 കുട്ടികളാണ് രോഗം ബാധിച്ച് അവശരായത്. അധ്യാപികയ്ക്കും മൂന്ന് മാതാപിതകൾക്കും രോഗബാധ സ്ഥിരീകരിച്ചു. അങ്കണവാടിക്ക് തൊട്ട് മുകളിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എല്ലാവരും ചികിത്സതേടി. വൃത്തിയും വെടിപ്പുമില്ലാത്ത അങ്കണവാടിയുടെ ദുരവസ്ഥ പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകർക്കും നേരിട്ട് ബോധ്യപ്പെട്ടു.
കുരുന്നകളെ രോഗികളാക്കുന്നത് കൊച്ചി കോർപറേഷൻ തന്നെയാണ്. മാലിന്യം നിറഞ്ഞ അങ്കണവാടിയോട് ചേർന്നുള്ള തോട്ടിൽ നിറയെ കൊതുകും ഈച്ചയും. തോട് വൃത്തിയാക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നഗരസഭ തിരിഞ്ഞുനോക്കിയില്ല. മാലിന്യമുക്ത നവകേരളമെന്ന് നാടൊട്ടുക്കെ പരസ്യം നൽകി സർക്കാർ വീമ്പുപറയുമ്പോളാണ് കൊച്ചി നഗരത്തിൽ നിന്നുള്ള ഈ കാഴ്ച.