Image Credit: Facebook

മമ്മൂട്ടിയെ കുറിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ശ്രീരാമന്റെ വീട്ടിലേക്കുളള മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്‍റേയും അപ്രതീക്ഷിത സന്ദര്‍ശനമാണ് കുറിപ്പിനാധാരം. വീട്ടിലെ അടുക്കളയിലെത്തിയ മമ്മൂട്ടിയുടെ രസകരമായ ഒരു ചോദ്യവും അതിനുളള ശ്രീരാമന്‍റെ ഉത്തരവുമാണ് കുറിപ്പിലുളളത്. പ്രമുഖ നിർമാതാവായ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലേക്ക് പോകവെയാണ് മമ്മൂട്ടിയും ഭാര്യയും സുഹൃത്തായ ശ്രീരാമന്‍റെ വീട്ടിലെത്തിയത്. അടുക്കളയിലങ്ങിങ്ങായി തൂക്കിയിട്ടിരിക്കുന്ന വാഴക്കുലകള്‍ കണ്ട മമ്മൂട്ടി ശ്രീരാമന്‍റെ ഭാര്യയോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് രസകരമായ സംഭാഷണം പിറവികൊണ്ടത്.

ശ്രീരാമന്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി .വന്നതും അട്ക്കളയിൽ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.

"നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?"

" . ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും... ചെലേപ്പൊ പയറുപ്പേരീം "

"പിന്നെ... ?"

"പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ"

"പിന്നെന്തിനാണ് ഇത്രയും പഴക്കുലകൾ? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങൾ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടിൽ?"

"മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂൻ്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും."

"ആരാ ഈ പഴുന്നാൻ മാത്തു?"

ചോദ്യം എന്നോടായിരുന്നു.

"പഴുന്നാൻ മാത്തൂൻറെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് BC 60 ൽ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്."

"അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ "

അങ്ങനെ മല പോലെ വന്ന പ്രശ്നം പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു.

സിനിമയിലും ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളുമാണ് മമ്മൂട്ടിയും വി കെ ശ്രീരാമനും. ഇതിനുമുന്‍പും മമ്മൂട്ടിയെ കുറിച്ചുളള രസകരമായ കുറിപ്പ് ശ്രീരാമന്‍ പങ്കുവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു മമ്മൂട്ടിയുടെ പിന്നില്‍ നിന്നെടുത്ത ഒരു ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പ്. രണ്ടുവര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രവും ഇരുവരും തമ്മിലുണ്ടായ സംഭാഷണവുമായിരുന്നു ആ കുറിപ്പിന് പിന്നില്‍. നടന്നുപോകുന്ന മമ്മൂട്ടിയുടെ ചിത്രത്തിന് കീഴെ ശ്രീരാമന്‍ കുറിച്ചതിങ്ങനെ..ആളറിയാതെ എടുത്തതാണ്, ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല, സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ...!