സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തുടരും’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്.
മോഹന്‍ലാലിന്റെ 360ാം ചിത്രമാണ് തുടരും. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം വരെ L360 എന്ന പേരിലാണ് ചിത്രത്തന്റെ അപ്ഡേറ്റുകള് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. നവംബര്‍ ഒന്നിന് ലൊക്കേഷനില്‍ നിന്നുളള പായ്ക്ക് അപ്പ് ചിത്രം സംവിധായകന് തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ‘99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍’ എന്നുകുറിച്ചുകൊണ്ടാണ് തരുണ്‍ ചിത്രം പങ്കുവച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞെന്നറിഞ്ഞ നാള് മുതല്‍ ടൈറ്റില്‍ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഓപ്പറേഷന് ജാവ, സൗദി വെളളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ തരുണ്‍ മൂര്‍ത്തിയും കെ.ആര് സുനിലും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
15 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശോഭനയാണ് ചിത്രത്തിലെ നായിക. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. 4 കുട്ടികളുമായി നടന്നുപോകുന്ന മോഹന്‍ലാലിനെയാണ് ടൈറ്റില്‍ പോസ്റ്ററില്‍ കാണുന്നത്. ഷണ്മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രമാണ് തുടരും. മോഹന്‍ലാലിനും ശോഭനയ്ക്കും പുറമെ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.