Image Credit: Facebook

TOPICS COVERED

മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ്. ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായ വൂഡോയെ പരിചയപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബറോസിന്‍റെ ഏറ്റവും പുതിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് വൂഡോയെ ആദ്യമായി പ്രേക്ഷകരിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ താരം പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 

ബറോസിന്‍റെ മാന്ത്രികപ്പാവയാണ് വൂഡോ. മലയാളത്തിലെ ഒരു പ്രശസ്ത നടനാണ് വൂഡോ ശബ്ദം നൽകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രം ഹിറ്റ് അടിക്കും എന്ന കമന്‍റുമായി ആരാധകരെത്തി. മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്‍റെ കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. കുട്ടികളുടെ ഫാന്‍റ്സി വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ആശീർവാദ് സിനിമാസിന്റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്ന് കൂടിയാണ് ബറോസ്. ബിഗ് ബജറ്റ് ചിത്രമായ ബറോസ് നിര്‍മാണം ആന്‍റണി പെരുമ്പാവൂരാണ്.

5 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് തിയറ്ററുകളിലേക്ക് എത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീഡി ചിത്രം സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. വിദേശ താരങ്ങളായ മായാ, സീസര്‍ ലോറന്റെ എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നുണ്ട്. ഗുരു സോമസുന്ദരം, കോമള്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബറോസിന്‍റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് മാര്‍ക്ക് കിലിയനാണ്. ചിത്രം ഡിസംബർ 25ന് ക്രിസ്മസ് റിലീസ് ആയി തിയറ്റുകളിലെത്തും.