ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ ആദ്യ ടിക്കറ്റ് ബുക്കിങ് നിർവ്വഹിച്ച് കേരള സ്പീക്കർ എ.എൻ ഷംസീര്‍. തന്‍റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ആദ്യ സിനിമയാണ് 'മാർക്കോ'യെന്നും ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നുവെന്നും ടിക്കറ്റ് ബുക്കിങ് നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡിസംബർ 20ന് ലോകമെങ്ങും റിലീസിനെത്തുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങിന് ഇതോടെ തുടക്കമായി. 5 ഭാഷകളിലായാണ് ചിത്രമെത്തുന്നത്.
കരിയറിലെ ഏറ്റവും വലിയ സിനിമയുമായാണ് ഉണ്ണി മുകുന്ദന്‍റെ വരവ്. കയ്യിൽ മെഷീൻ ഗണ്ണുമായി താരം നിൽക്കുന്ന സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടീസറായും പോസ്റ്ററുകളായും പാട്ടുകളായും ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന പ്രൊമോഷൻ മെറ്റീരിയലുകളെല്ലാം സിനിമയുടെ ഹൈപ്പ് വർദ്ധിപ്പിച്ചിട്ടുണ്ട്. ടീസർ ഇതിനകം 5.2 മില്യണിലേറെ കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും യൂട്യൂബ് മ്യൂസിക് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു.
ചിത്രം തിയേറ്ററുകളിൽ എത്താൻ ഇനി 5 ദിനങ്ങൾ മാത്രമാണുള്ളത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസമാണ് നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിക്കാന്‍ കാരണമെന്ന് ക്യൂബ്സ് എന്‍റര്‍ടെയ്മെന്‍റ്സ് പറയുന്നു. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് തിയറ്ററുകളിലെത്തുന്നത്.
മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
പരുക്കൻ ഗെറ്റപ്പിൽ ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. 'മിഖായേൽ' സിനിമയുടെ സ്പിൻഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസറാകുകയാണ് ഷെരീഫ് മുഹമ്മദ്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.