'അമ്മ'യിലെ ട്രഷറർ സ്ഥാനം ഒഴിയുന്നുവെന്ന് നടന് ഉണ്ണി മുകുന്ദന്. ഏറെ ആലോചിച്ചതിനുശേഷമുള്ള തീരുമാനമാണിതെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം അറിയിച്ചു. ട്രഷറർ സ്ഥാനം താന്‍ ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ ജോലി തിരക്കുകൾ കാരണം മറ്റു ഉത്തരവാദിത്വങ്ങള്‍ ബാലൻസ് ചെയ്തു കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് ഈ തീരുമാനമെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി
ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ട്രഷറര്‍ സ്ഥാനത്തില്‍ തുടരുമെന്നും പ്രവര്‍ത്തനകാലയളവില്‍ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;
ഏറെ ചിന്തിച്ചും ആലോചിച്ചുമാണ് ഞാൻ 'അമ്മ'യുടെ ട്രഷറർ സ്ഥാനം ഒഴിയാനുള്ള കഠിനമായ തീരുമാനത്തിലെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ജീവിതം ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്റേയും കുടുംബത്തിന്റേയും ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിയുന്നു.
ട്രഷറര്‍ സ്ഥാനാത്തിനിരിക്കെ എന്റെ ഏറ്റവും മികച്ച സംഭാവനകള്‍ സംഘടനയ്ക്ക് വേണ്ടി നല്കാന് കഴിഞ്ഞു. എന്നാല്‍ ഭാവിയിലുള്ള എന്റെ പ്രൊഫഷണല്‍ പ്രതിബദ്ധതകളെ പരിഗണിച്ച് ട്രഷറര്‍ ഉത്തരവാദിത്തങ്ങളെ ഫലപ്രദമായ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ എന്റെ രാജിക്കത്ത് ഞാന്‍ സമര്‍പ്പിക്കുകയാണ്.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പുതിയ ട്രഷറര്‍ സ്ഥാനമേല്ക്കുന്നതുവരെ ഞാന്‍ തല്‍സ്ഥാനത്ത് തുടരും. പ്രവര്‍ത്തനകാലയളവില്‍ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു