thug-life

ഈ വര്‍ഷം പ്രേക്ഷകര്‍  ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമൽഹാസന്‍ – മണിരത്നം ടീമിന്‍റെ 'തഗ് ലൈഫ്’. വിക്രത്തിന് ശേഷം വരുന്ന കമലിന്‍റെ മാസ് ചിത്രം എന്നതിനാല്‍ തന്നെ ആരാധകര്‍ വലിയ ആവേശത്തിലാണ്.  ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിരയാണ് ആദ്യം ചിത്രത്തിനായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറിയതായി വാര്‍ത്ത വന്നു. പുതിയ അപ്ഡേഷനുകളില്‍ ദുല്‍ഖറും ജയം രവിയും ഇല്ലെന്നതിലൂടെ ഇതിന് സ്ഥിരീകരണവും ലഭിച്ചു. 

ദുല്‍ഖര്‍ ഉപേക്ഷിച്ച റോള്‍  ചിമ്പു ആയിരിക്കുമെന്ന് നേരത്തേ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ദില്ലി ലൊക്കേഷനില്‍ നിന്നുള്ള ചിമ്പുവിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.  ഇപ്പോഴിതാ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. രാജ്കമല്‍ ഫിലിംസ് പുറത്തിറക്കിയിരിക്കുന്ന ഒരു വിഡിയോയിലൂടെയാണ് ഈ കാസ്റ്റിംഗ് അനൗണ്‍സ്‍മെന്‍റ് നടന്നിരിക്കുന്നത്.

രംഗരായ ശക്തിവേല്‍ നായ്ക്കർ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്, വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ്  മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നീ ബാനറുകളില്‍ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.