‘കല്‍ക്കി 2898 എഡി’ചിത്രത്തിലെ ശ്രീകൃഷ്ണനാരായിരിക്കും എന്ന ആകാംക്ഷയിലായിരുന്നു സിനിമാ പ്രേമികള്‍. മഹാഭാരതം റഫറന്‍സ് ഉള്ള ചിത്രമാണ് കല്‍ക്കി. ചിത്രം ആദ്യദിനം തന്നെ 180കോടി നേടിയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം വലിയ കയ്യടി നേടി മുന്നേറുന്നതിനിടെയാണ് പ്രേക്ഷകരുടെ ആ ആശങ്കക്കും വിരാമമാകുന്നത്.
ശ്രീകൃഷ്ണന്റെ രൂപം കണ്ടപ്പോള്‍ നടന്‍ മഹേഷ് ബാബുവാണോ എന്ന സംശയമായിരുന്നു പലര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ ആ സംശയത്തിനും വിരാമമായിരിക്കുകയാണ്. മഹേഷ് ബാബുവല്ല, തമിഴ്നടന്‍ കൃഷ്ണകുമാര്‍ എന്ന കെകെ ആണ് ശ്രീകൃഷ്ണനായി എത്തിയത്. എന്നാല്‍ ചിത്രത്തില്‍ ശ്രീകൃഷ്ണന്റെ മുഖം പ്രേക്ഷകര്‍ക്ക് വ്യക്തമാക്കി തരുന്നില്ലെന്നതാണ് വാസ്തവം.
ആശങ്കകളെല്ലാം തീര്‍ത്തത് നടന്‍ കെകെ തന്നെയാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ‘കൽക്കി 2898 എഡി’യിൽ കൃഷ്ണനായി പ്രത്യക്ഷപ്പെടുന്ന സ്‌ക്രീൻഷോട്ട് പങ്കിട്ട് താരം കുറിപ്പിട്ടു. കൽക്കി 2898 എഡിയില്‍ സവിശേഷ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഒരു ഇതിഹാസ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നന്ദിയും അഭിമാനവുമുണ്ട് എന്നാണ് താരം കുറിച്ചത്. കാദലഗി എന്ന ചിത്രമായിരുന്നു കെകെയുടെ ആദ്യചിത്രം. സൂര്യയുടെ സൂരറൈ പോട്രിലും ധനുഷിന്‍റെ മാരനിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് കെ കെ.