അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍താരം പ്രഭാസ് വിവാഹിതനാകുന്നു. ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അനുഷ്കയല്ല വധുവെന്നും ഹൈദരാബാദിലെ വന്‍കിട വ്യവസായിയുടെ മകളെയാണ് താരം താലി ചാര്‍ത്താന്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 45കാരനായ പ്രഭാസ് ടോളിവുഡിലെ സൂപ്പര്‍ ബാച്ചിലറാണ്. താരപദവിയില്‍ തുടരുമ്പോഴും തീര്‍ത്തും സ്വകാര്യമായ ജീവിതമാണ് താരം നയിച്ചുവരുന്നതും.
ബാഹുബലിക്ക് പിന്നാലെ അനുഷ്ക ഷെട്ടിയെ പ്രഭാസ് വിവാഹം കഴിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇരുവരും നിഷേധിക്കുകയും ഉറ്റ സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്തുവെങ്കിലും ആരാധകര്‍ വിശ്വസിച്ചതേയില്ല. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ജാതകദോഷങ്ങളെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ന്യൂസ് 18 തെലുഗുവാണ് പ്രഭാസിന്‍റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. അനന്തരവന്‍റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അമ്മാവനായ കൃഷ്ണം രാജുവിന്‍റെ ഭാര്യ ശ്യാമള ദേവി നടത്തുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. തീര്‍ത്തും സ്വകാര്യമായിട്ടാവും ചടങ്ങുകള്‍ നടക്കുകയെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
രാജ്യത്ത് തന്നെ ഏറ്റവുമധികം തുക പ്രതിഫലം വാങ്ങുന്ന പാന്‍ ഇന്ത്യന്‍ സ്റ്റാറാണ് പ്രഭാസ്. 2002ലാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബാഹുബലിയുടെ ആഗോള വിജയം പ്രഭാസിന്‍റെ താരപദവി ഉയര്‍ത്തി. നിലവില്‍ ദ് രാജാ സാബ്, ഫൗജി എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹം. സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റിന്‍റെ ഷൂട്ടിങിനും താരം തുടക്കമിട്ടു. ഉഗഡി റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.