Image Credit: facebook.com/profile.php?id=61558353720251

TOPICS COVERED

പരിയേറും പെരുമാള്‍ എന്ന തമിഴ് ചിത്രത്തില്‍ കറുപ്പിയായെത്തിയ നായയ്ക്ക് ദാരുണാന്ത്യം. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് വിരണ്ടോടിയ നായയെ ഒരു വാഹനം ഇടിച്ചാണ് കൊല്ലപ്പെട്ടത്.  2018-ല്‍ പുറത്തിറങ്ങിയ മാരി സെല്‍വരാജ് ചിത്രം പരിയേറും പെരുമാളും നായകനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നായ പ്രേക്ഷകഹൃദയം കീഴടക്കിയത്. സിനിമയിലും ഈ നായ കൊല്ലപ്പെടുന്നുണ്ട്. കറുപ്പിയുടെ മരണം വലിയ പ്രാധാന്യത്തോടെയാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പരിയേറും പെരുമാളിലെത്തന്നെ അഭിനേതാക്കളില്‍ ഒരാളായ വിജയമുത്തുവാണ് കറുപ്പിയുടെ ഉടമ. ചിത്രത്തില്‍  നായകന്‍ കതിര്‍ അവതരിപ്പിച്ച പരിയന്‍ എന്ന കഥാപാത്രത്തിന്‍റെ വളര്‍ത്തുനായയാണ് കറുപ്പി. ജാതി രാഷ്ട്രിയം പ്രമേയമായിയെത്തിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് ഈ നായ തന്നെയാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ പോസ്റ്ററുകളിലും മറ്റും കറുപ്പി ഇടംപിടിച്ചിരുന്നു.  മേല്‍ജാതിക്കാരാല്‍ ഈ നായ കൊല്ലപ്പെടുന്നിടത്തുനിന്നാണ് ചിത്രത്തിന്‍റെ തുടക്കം.

ചിത്രം വലിയ നിരൂപകപ്രശംസ നേടിയതിനൊപ്പം തന്നെ കറുപ്പിയും കയ്യടി നേടിയിരുന്നു. ചിപ്പിപ്പരായ് എന്ന ഇനത്തില്‍പ്പെട്ട നായയാണ് കറുപ്പിയെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ ഇനത്തില്‍പ്പെട്ട നായയല്ല കറുപ്പിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.