ഒരു സാധാരണക്കാരനെപ്പോലെ മദ്യം വാങ്ങാനെത്തിയ തെലുങ്ക് സൂപ്പർതാരം അല്ലു അര്‍ജുന്‍റെ വിഡിയോ ഒരു കാലത്ത് വൈറലായിരുന്നിരുന്നു. വിഡിയോ അബദ്ധത്തില്‍ ലീക്കായതാണെന്നതടക്കമുളള അഭ്യൂഹങ്ങളും അക്കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം വിഡിയോ ഏതെങ്കിലും സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമായെടുത്തതാകാം എന്ന എന്ന വിശ്വാത്തിലായിരുന്നു അല്ലു ആരാധകര്‍. എന്നാലിപ്പോഴിതാ വിഡിയോയുടെ നിജസ്ഥിതി വെളിപ്പെടുത്തി അല്ലു അര്‍ജുന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിഡിയോയിലുളളത് താന്‍ തന്നെയാണെന്നും ഗോവയിലെ ഒരു വൈൻ ഷോപ്പിൽ നിന്നും മദ്യം വാങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
കൂട്ടുകാരന് വേണ്ടിയാണ് താന്‍ മദ്യം വാങ്ങാന്‍ ഇറങ്ങിത്തിരിച്ചതെന്ന് അല്ലു അര്‍ജുന്‍ പറയുന്നു. നന്ദമൂരി ബാലകൃഷ്ണ അവതാരകനായെത്തുന്ന അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ഷോയിലാണ് രസകരമായ ആ സംഭവത്തെക്കുറിച്ച് അല്ലു അര്‍ജുന്‍ വാചാലനായത്. 2017ലാണ് വിഡിയോക്ക് ആസ്പദമായ സംഭവം നടന്നതെന്ന് അല്ലു വെളിപ്പെടുത്തി. നാ പേരു സൂര്യ എന്ന സിനിമയുടെ ചിത്രീകരണം ഗോവയില്‍ നടക്കുമ്പോഴാണ് താന്‍ കൂട്ടുകാരനായി മദ്യം വാങ്ങാന്‍ പോയത്.
തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ സന്ദീപ് രാമിനേനിക്ക് വേണ്ടിയായിരുന്നു ഈ സാഹസമെന്നും അല്ലു പറഞ്ഞു. ഒരു പ്രത്യേക ബ്രാന്‍ഡിലുളള മദ്യം വാങ്ങാനാണ് താന്‍ ആ ഷോപ്പില്‍ കയറിയതെന്നും അല്ലു കൂട്ടിച്ചേര്‍ത്തു. അവിടെ താനൊരു സൂപ്പര്‍താരമല്ലെന്നും കൂട്ടുകാരന്‍ മാത്രമാണെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി. അതേസമയം നന്ദമൂരി ബാലകൃഷ്ണയുടെ കടുത്ത ആരാധകനാണ് തന്‍റെ കൂട്ടുകാരനെന്ന് പറഞ്ഞ അല്ലു അര്‍ജുന്‍ ഇത്തരം കൂട്ടുകാരുണ്ടായാല്‍ സാറിനും ദിവസവും ഇതുപോലുള്ള വാർത്തകൾ വരാനുള്ള സാഹചര്യമുണ്ടാകുമെന്നും തമാശരൂപേണ പറഞ്ഞു.