ആഷിക് അബുവിന്റെ മായാനദി, എന്ന പ്രണയനദി പ്രേക്ഷകഹൃദയങ്ങളിലേക്ക് അനസ്യൂതം ഒഴുകുകയാണ്.  നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ ഇതിനോടകം മായാനദിയെ നെഞ്ചോടുചേർത്തു. പ്രിയദർശൻ വരെ വാനോളം പുകഴ്ത്തി. സിനിമയുടെ സന്തോഷം പങ്കുവച്ച് നടി ഐശ്വര്യയും മാധ്യമങ്ങളെ കണ്ടിരുന്നു. അപ്പോഴും നായകൻ ടൊവിനോയുടെ പ്രതികരണങ്ങൾ വന്നില്ല. ഷൂട്ടിങ്ങിന്റെ ക്രിസ്മസിന്റെ തിരക്കുകൾ മാറ്റിവച്ച് ടൊവിനോ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ഫെയ്സ്ബുക്കിൽ ദാ കുറിപ്പിട്ടിരിക്കുകയാണ്. സിനിമ കാണുന്നില്ല എന്ന പറയുന്നവരോട് വിരോധവുമില്ല, പരിഭവുമില്ല എന്നും ടൊവിനോ വ്യക്തമാക്കുന്നു. ഹൃദയത്തിന്‍റെ ഭാഷയില്‍ ടൊവീനോ അവരോട് ചിലത് പറയുന്നു. 

ടൊവീനോയുടെ കുറിപ്പ്:  

എല്ലാവർക്കും നമസ്കാരം.  

ഒരുപാട്‌ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണു ഈ വാക്കുകൾ കുറിക്കുന്നത്‌. 

മായാനദി എന്ന ചിത്രം ഈ 22നു തീയറ്ററുകളിലെത്തി.അന്നു മുതൽ ഇന്നു വരെ നേരിട്ടും, സോഷ്യൽ മീഡിയ വഴിയായുമൊക്കെ ഒരുപാട്‌ പേഴ്സണൽ മെസേജുകൾ എനിക്ക്‌ കിട്ടുന്നുണ്ട്‌ - സിനിമ ഇഷ്ടപ്പെട്ടു , കഥാപാത്രങ്ങൾ ഹോണ്ട്‌ ചെയ്യുന്നു എന്നൊക്കെ അറിയിച്ച്‌ കൊണ്ട്‌. നേരിട്ട്‌ മെസേജുകൾക്ക്‌ മറുപടി കൊടുക്കണമെന്നുണ്ട്‌ , പക്ഷേ ഷൂട്ടിനിടയിൽ അതിനു നിർവ്വാഹമില്ലാത്തത്‌ കൊണ്ടാണു ഇങ്ങനെയൊരു പോസ്റ്റിടുന്നത്‌ - എല്ലാവർക്കും ഒരുപാട്‌ നന്ദി , ഒരുപാട്‌ സ്നേഹം :) ആദ്യ ദിവസം മുതൽ തീയറ്ററുകളിൽ എത്തിയതിനു, സിനിമ കണ്ടിഷ്ടപ്പെട്ട്‌ നല്ല വാക്കുകൾ മറ്റുള്ളവരോട്‌ പറഞ്ഞ്‌ കൂടുതൽ ആളുകളെ തീയറ്ററുകളിലെത്തിച്ചതിനു, സർവ്വോപരി മാത്തനെയും അപ്പുവിനെയും ചേർത്തു പിടിച്ച്‌ നെഞ്ചിലേറ്റിയതിനു ...! 

ഇനിയും സിനിമ കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും അടുത്തുള്ള തീയറ്ററുകളിൽ പോയി കണ്ടു അഭിപ്രായങ്ങൾ അറിയിക്കണം. 

ഈ സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോടും യാതൊരു പരാതിയുമില്ല, വിരോധവുമില്ല, പിണക്കവുമില്ല. കാരണം ഇതിനു മുന്നെയുള്ള എന്റെ സിനിമകൾ തീയറ്ററുകളിലും അല്ലാതെയും കണ്ടവരാണു നിങ്ങൾ. ഈ സിനിമയും തീയറ്റർ അല്ലാത്ത മറ്റൊരു മാധ്യമത്തിലൂടെ കാണുമെന്നു പറയുന്നു, അത്‌ നിങ്ങളുടെ ഇഷ്ടമാണു, നിങ്ങളുടെ തീരുമാനമാണു. പക്ഷേ മായാനദി എന്ന ചിത്രം നിങ്ങൾക്ക്‌ തരുന്ന ഒരു തീയറ്റർ എക്സ്പീരിയൻസ്‌ - തീർത്തും നിസ്സാരമായ കാരണങ്ങളുടെ പേരിൽ, അതു നിങ്ങൾ നഷ്ടപ്പെടുത്തരുത്‌ എന്നാണു നിങ്ങൾ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്ന ഒരാൾ എന്ന രീതിയിൽ എനിക്ക് പറയാനുള്ളത്. സിനിമയുടേതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി തീയറ്ററിൽ കാണില്ല എന്ന ഒരു തീരുമാനത്തിൽ തോൽക്കുന്നത്‌ ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവർത്തകരോ അല്ല, മറിച്ച്‌ നമ്മൾ സ്നേഹിക്കുന്ന, എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണ്. അതിനിട വരാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു. 

2017 അവസാനിക്കുകയാണ്. ഈ ഒരു വർഷകാലം നിങ്ങൾ എനിക്ക്‌ തന്ന സ്നേഹത്തിനു, പിന്തുണയ്ക്ക്‌, അംഗീകാരങ്ങൾക്ക്‌ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി, സ്നേഹം. 

പുതിയ വർഷത്തിൽ എല്ലാവർക്കും നന്മകൾ മാത്രം, നല്ലത്‌ മാത്രം സംഭവിക്കട്ടെ. 

സ്നേഹപൂർവ്വം 

ടൊവിനോ തോമസ്