TAGS

ശാന്തമായി, സുന്ദരമായി ഒഴുകുകയാണ് മായാനദി. കവിതയുടെ ഈണം പോലെ പാട്ടിന്റെ താളം പോലെ അതിമനോഹരമായൊരു സിനിമ. എല്ലാവരും ചർച്ച ചെയ്യുന്നത് ആഷിക് അബുസംവിധാനം ചെയ്ത മായാനദിയെന്ന ചെറിയ വലിയസിനിമയെക്കുറിച്ചാണ്. മാത്തന്റെയും അപ്പുവിന്റെയും പ്രണയം അത്രമേൽ ഹൃദ്യമായിരുന്നു. മാത്തനായി സ്ക്രീനിൽ ജീവിച്ച നായകൻ ടൊവിനോയ്ക്കുമുണ്ട് മായാനദിയെക്കുറിച്ച് പറയാനേറെ. മനോരമന്യൂസ്.കോമുമായി മായാനദിയുടെ വിശേഷങ്ങൾ ടൊവിനോ തോമസ് പറയുന്നു.

 

 

മായാനദിയിലെ മാത്തനാകുന്നത് എങ്ങനെയാണ്?

 

കഴിഞ്ഞ ഡിസംബറിൽ മഹേഷിന്റെ പ്രതികാരത്തിന്റെ 125-ാം ദിനാഘോഷത്തിനാണ് ആദ്യമായി ആഷിക്ചേട്ടനെ പരിചയപ്പെടുന്നത്. എന്റെ സിനിമകളൊക്കെ കാണാറുണ്ട്, നന്നാകാറുണ്ടെന്ന് പറഞ്ഞപ്പോൾ എന്നാൽപ്പിന്നെ എന്നെവെച്ചൊരു സിനിമ പ്ലാൻ ചെയ്തൂടെയെന്ന് തമാശയ്ക്ക് ചോദിച്ചിരുന്നു. ആലോചനയിലുണ്ട്, ചെയ്യാം എന്ന് അദ്ദേഹവും പറഞ്ഞു. അതിനുശേഷം ഞാൻ ആ സംഭവം മറന്നു. പിന്നീട് മായാനദിയുടെ അസിസ്റ്റന്റ് ഡയറക്ടർ ബിനു പപ്പു (കുതിരവട്ടം പപ്പുവിന്റെ മകൻ) ഒരുദിവസം കണ്ടപ്പോൾ പറഞ്ഞു, പുതിയ പടം പ്ലാൻ ചെയ്യുന്നുണ്ട്. നിന്നെ നായകനാക്കാനുള്ള ചർച്ചകളൊക്കെ നടക്കുന്നുണ്ടെന്ന്.

കടപ്പാട്: ഫെയ്സ്ബുക്ക്

 

കഴിഞ്ഞ ജനുവരിയിൽ കുടുംബത്തോടൊപ്പം ലക്ഷദ്വീപിൽ ഒരു യാത്രപോയിരുന്നു. അവിടെവച്ചാണ് സിനിമയെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആഷിക്ചേട്ടന്റെ ഫോൺവരുന്നത്. അവിടെയാണെങ്കിൽ റെയ്ഞ്ചൊന്നുമില്ലായിരുന്നു. കിട്ടിയ റെയ്ഞ്ചിന്, വന്നാൽ ഉടൻ അങ്ങോട്ട് വരാമെന്നുപറഞ്ഞു. ലക്ഷദ്വീപിലേക്ക് കപ്പലിലാണ് പോയത്, തിരിച്ച്  വേഗം ഫ്ലൈറ്റിനെത്തി. എയർപോർട്ടിൽ നിന്ന് നേരെ പോയത് ആഷിക്ചേട്ടനെ കാണാനാണ്. കഥയെക്കുറിച്ച് പറയുന്നതിന് മുമ്പേ മാത്തനെക്കുറിച്ചാണ് പറഞ്ഞത്. കേട്ടപ്പോൾ തന്നെ ഇഷ്ടമായി, അവിടെവച്ചുതന്നെ കൈകൊടുത്തു മായാനദിയിലെ മാത്തനായി.

 

 

മാത്തൻ വെല്ലുവിളിയായിരുന്നോ?

 

മാത്തനെ ആദ്യമറിയുമ്പോൾ ചെയ്യാൻ എളുപ്പമുള്ള കഥാപാത്രമാണെന്ന് തോന്നും, പക്ഷെ ഒട്ടും എളുപ്പമായിരുന്നില്ല. നിരവധി ലയറുകളുള്ള കഥാപാത്രമാണ് മാത്തൻ. സിനിമയിൽ പറയുന്നത് പോലെ മാത്തൻ ഒരു സർവൈവറാണ്. ഒരുപാട് പ്രശ്നങ്ങളിലൂടെയും വേദനകളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന വ്യക്തി. എന്നാൽ അതെല്ലാം ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുമ്പിൽ വളരെ കൂളായി, ചിരിച്ചുകൊണ്ടു നിൽക്കും. സാധാരണമനുഷ്യൻ കടന്നുപോകുന്ന കാര്യങ്ങളിലൂടെയല്ല മാത്തൻ പോകുന്നത്. എന്റെ ജീവിതത്തിൽ അത്തരം അനുഭവങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടില്ല. അതുകൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകൾ മാത്തനെ അവതരിപ്പിക്കുമ്പോൾ ഉണ്ടായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും ക്രൂമുഴുവനും പൂർണ്ണപിന്തുണയായിരുന്നു. തിരക്കഥാകൃത്ത് ശ്യാംപുഷ്കരനോട് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞുതന്ന ഒരു കാര്യമുണ്ട്; മാത്തൻ പകുതി ഞാനും പകുതി നീയുമാണ്. അതുപോലെയുള്ള ഒരാൾ ഇത്തരം സാഹചര്യങ്ങളിൽ വന്നുപെട്ടാൻ എങ്ങനെ പെരുമാറുമെന്ന് ആലോചിച്ചാൽ മതിയെന്ന്.

 

എന്നെ അഭിനയിക്കാൻ അനുവദിച്ചിട്ടില്ല. മാത്തനായി ജീവിക്കാനാണ് പറഞ്ഞത്. കാമറമുമ്പിൽവെച്ചിട്ട് അഭിനയിക്കരുതെന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. ഏതെങ്കിലും കല്യാണവീട്ടിൽ പോകുമ്പോൾപ്പോലും കാമറ കണ്ടാൽ കോൺഷ്യസായി പോകുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ സ്വാഭവിക അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ക്രൂ വിജയിച്ചു.

 

തീയറ്ററിൽ കാണുന്ന അതേ ക്രമത്തിൽ തന്നെയാണ് സിനിമ കൂടുതലും ചിത്രീകരിച്ചത്. മാത്തനെക്കൂടുതൽ മനസിലാക്കാൻ ഇത് സഹായിച്ചിട്ടുണ്ട്. അവസാനത്തോട് അടുക്കുമ്പോൾ തുടക്കത്തിലുള്ളതിനേക്കാൾ മാത്തന്റെ ശരീരം പോലും ഉൾവലിയുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന എല്ലാഅഭിനേക്കാളും അടിപൊളിയായിരുന്നു. എല്ലാവരുമായും ഒരു സൗഹൃദമുണ്ടാക്കാൻ സാധിച്ചതും മാത്തനെ മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്.

 

മായാനദിയിലെ ലിപ്‌ലോക്ക് വിവാദമാകുമോ എന്ന ഭയമുണ്ടായിരുന്നോ?

 

മായാനദിയെ മായാനദിയാക്കുന്നത് അപ്പുവിന്റെയും മാത്തന്റെയും പ്രണയമാണ്. സിനിമയ്ക്ക് ലിപ്‌ലോക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോൾ പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ. എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്സ് തന്നെയായിരുന്നു. ആളുകൾ അശ്ലീലം എന്നുപറയുന്ന രീതിയിൽ അവരത് ചിത്രീകരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. സിനിമയെ പൂർണ്ണമാക്കുന്നത് ഈ രംഗങ്ങളാണ്. സ്ക്രിപ്റ്റ് ആവശ്യപ്പെട്ടതുകൊണ്ടാണ് അത്തരം രംഗങ്ങളിൽ അഭിനയിച്ചത്. അല്ലായിരുന്നെങ്കിൽ ഒരിക്കലും ഇത്തരം രംഗങ്ങളിൽ അഭിനയിക്കില്ലായിരുന്നു. ഞങ്ങളെ കംഫർട്ടബിൾ ആക്കാൻ മേക്കേഴ്സിന് സാധിച്ചു. ഈ ലൗവ്മേക്കിങ്ങ് സീനുകളില്ലാതെ എങ്ങനെയാണ് അപ്പുവിന്റെയും മാത്തന്റെയും പ്രണയം ഇത്ര മനോഹരമായി പറയാൻ സാധിക്കുക? 

 

സിനിമ കാണാൻ കയറുന്നത് കൂടുതലും കുടുംബങ്ങളാണ്. ഞാൻ കണ്ട ഷോസിലൊന്നും ഒരാൾ പോലും മുഖം ചുളിക്കുകയോ എഴുന്നേറ്റ് പോവുകയോ ചെയ്തിട്ടില്ല. സിനിമയുമായി അത്രമേൽ ഇഴചേർന്നിരിക്കുന്ന രംഗങ്ങളായിരുന്നു അവയെല്ലാം. സിനിമ കണ്ടിറങ്ങിയ പല അമ്മമാരും എന്നെ കണ്ടപ്പോൾ സ്നേഹപൂർവ്വം വന്ന് കെട്ടിപിടിക്കുകയാണ് ചെയ്തത്. ആളുകൾ അതിനെ അശ്ലീലമായിട്ടല്ല, പ്രണയമായിട്ടുതന്നെയാണ് എടുത്തിരിക്കുന്നത്. 

 

അപ്പുവിന്റെ കഥാപാത്രം ചിലയിടങ്ങളിൽ മാത്തനേക്കാൾ ഒരുപടി മുകളിലാണെന്ന് തോന്നിയിട്ടുണ്ട്. ഇതൊരു നായികാപ്രാധാന്യമുള്ള സിനിമയാകുമോയെന്ന് ചിന്തിച്ചിട്ടുണ്ടോ?

 

ഞാൻ എന്നെ ഏൽപ്പിച്ച ജോലി അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ടെന്ന പൂർണ്ണബോധ്യം എനിക്കുണ്ട്. അതുകൊണ്ട് തന്നെ വലിയ ടെൻഷനില്ലായിരുന്നു. സിനിമയെ കൃത്യമായി നിരീക്ഷിക്കുന്നവർക്ക് മനസിലാകും മാത്തൻ എന്ന കഥാപാത്രത്തെ അത്ര എളുപ്പം ചെയ്യാൻ സാധിക്കുന്നതല്ലെന്ന്. ഞാൻ എന്റെ കംഫർട്ട്സോണിൽ നിന്ന് പുറത്തുവന്ന് ഒരു കഥാപാത്രം ചെയ്യുമ്പോൾ അതുപരമാവധി നന്നാക്കുക എന്നുമാത്രമേ ചിന്തിച്ചിട്ടുള്ളൂ. എല്ലാസിനിമകളിലും എന്റെ തല, എന്റെ ഫുൾഫിഗർ വരണം എന്ന ചിന്താഗതിയുള്ള അഭിനേതാവല്ല ഞാൻ. അങ്ങനെയുള്ള സിനിമകൾ ഇനിയും ചെയ്യാം. മായാനദി പോലെയുള്ള സിനിമകൾ ജീവിതത്തിൽ അപൂർവ്വമായി സംഭവിക്കുന്നതാണ്. 

 

സിനിമ രണ്ടുപ്രവശ്യം കണ്ട എല്ലാവരും എന്നോടുപറഞ്ഞ ഒരുകാര്യം, രണ്ടാംതവണ മാത്തനെ മാത്രമേ ശ്രദ്ധിച്ചുള്ളൂ എന്നാണ്. കഥ അറിയാതെ ആദ്യം സിനിമ കാണുന്നതും, മുഴുവൻ കഥയറിഞ്ഞിട്ട് സിനിമ കാണുമ്പോഴും മായാനദി തരുന്നത് രണ്ട് അനുഭവങ്ങളാണ്. രണ്ടാമത്തെ കാഴ്ചയിലാണ് മാത്തന്റെ സങ്കീർണ്ണതകൾ കൂടുതൽ മനസിലാകുന്നത്. 

 

2017 ടൊവിനോയുടെ ഭാഗ്യവർഷം കൂടിയാണോ?

 

തീർച്ചയായും അങ്ങനെ തന്നെ പറയാം. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രം എസ്രയാണ്. അതിലാണ് ആദ്യമായിട്ട് എന്റെയൊരു തിയറ്റർ എൻട്രിക്ക് കൈയടി ലഭിക്കുന്നത്. മെക്സിക്കൻ അപാരതയാണ് ഇൻഷ്യൽ കളക്ഷൻ ഏറ്റവുമധികം എനിക്ക് നേടിതന്നെ സിനിമ. ആ സിനിമയാണ് ഇന്നുകാണുന്ന മാർക്കറ്റ്‍വാല്യൂ ഉണ്ടാക്കി തന്നത്. കളക്ഷന്റെ കാര്യത്തിലും സിനിമയെന്ന നിലയിലും അഭിനേതാവെന്ന നിലയിലും  സന്തോഷം തന്ന സിനിമയാണ് ഗോദ. ഒരേപോലെയുള്ള സിനിമകൾ ചെയ്യില്ല എന്ന നിർബദ്ധത്തിന്റെ പുറത്താണ് തരംഗത്തിൽ അഭിനയിച്ചത്. വ്യത്യസ്തമായൊരു സിനിമയായിരുന്നു തരംഗം. ഡിവിഡി ഇറങ്ങിക്കഴിഞ്ഞപ്പോൾ പലരും തീയറ്ററിൽ പോയി കണ്ടില്ലല്ലോ എന്നു പറയുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് തരംഗം. 

 

എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയല്ല തരംഗം. ഒരു സിനിമ ഒരാൾക്കെങ്കിലും ഇഷ്ടമായാൽ അതൊരു നല്ല സിനിമയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. തരംഗം പോലെയൊരു ചിത്രം ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട്. ആ ടീമിനൊപ്പം ഇനിയും ചിത്രങ്ങളുണ്ടാകും. എല്ലാത്തരം ചിത്രങ്ങളും ഉണ്ടായാൽ മാത്രമല്ലേ സിനിമാവ്യവസായം വളരൂ. സിനിമകാണാെത അഭിപ്രായം പറയുന്ന പ്രവണത മാറേണ്ടത് ആവശ്യമാണ്.  ഒരേപോലെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചാൽ എനിക്ക് തന്നെ ബോറഡിക്കും, അപ്പോൾ പ്രേക്ഷകന്റെ കാര്യം പറയേണ്ടതുണ്ടോ?

 

 

പുതുവർഷത്തിൽ വരാനിരിക്കുന്ന ചിത്രങ്ങൾ ഏതെല്ലാമാണ്?

 

അഭിയുടെ കഥ അനിയുടെയും അതാണ് ആദ്യം വരാൻ പോകുന്നത്. തമിഴിലും ചിത്രം ഇറങ്ങുന്നുണ്ട്. പിന്നെയുള്ളത് കമലിന്റെ ആമിയാണ്. അതിഥിവേഷമാണെങ്കിലും എന്റെ കഥാപാത്രത്തിന്റെ പ്രസൻസ് മുഴുനീളെ സിനിമയിലുണ്ടാകും,  ആഷിക്ചേട്ടന്റെ അസോസിയേറ്റ് വിഷ്ണുനാരായണൻ സംവിധാനം ചെയ്യുന്ന മറഡോണയാണ് മറ്റൊരു ചിത്രം. വ്യത്യസ്തമായൊരു ചിത്രമായിരിക്കും മറഡോണയും. ഇപ്പോൾ ഷൂട്ടിങ്ങ് നടക്കുന്നത് തീവണ്ടിയെന്ന ചിത്രമാണ്. ചെയിൻസ്മോക്കറായ ഒരാളുടെ കഥ രാഷ്ട്രീയപശ്ചാതലത്തിൽ പറയുന്ന ചിത്രമാണ് തീവണ്ടി.