TAGS

സംസ്ഥാന സിനിമാ പുരസ്കാരത്തിന്‍റെ നിറവിലേക്ക് ആരൊക്കെ എന്നറിയാൻ ഒരു രാത്രിയുടെ ദൂരം മാത്രം. പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട 

എല്ലാ ചിത്രങ്ങളും ഇന്നലെ രാത്രിയോടെ ജൂറി കണ്ടുകഴിഞ്ഞു. ആദ്യഘട്ടത്തിൽ 110 ചിത്രങ്ങളാണ് ജൂറിക്ക് മുന്നിലെത്തിയത്. അതിൽ നിന്ന് തിരഞ്ഞെടുത്ത 21 ചിത്രങ്ങളാണ് ജൂറി ഒരുമിച്ചിരുന്ന് കണ്ടത്.  ഇതിൽ നിന്ന് പുരസ്കാരത്തിന് യോഗ്യമായ ചിത്രങ്ങൾ തിരഞ്ഞെടുക്കുകയാണ് ഇന്ന് രാത്രിയും നാളെയുമായി ജൂറിയുടെ ദൗത്യം. 

സംവിധായകൻ ടി.വി ചന്ദ്രൻ ചെയർമാനായുള്ള ജൂറിയാണ് ഇത്തവണ പുരസ്കാരം നിർണയിക്കുന്നത്. സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനീയർ വിവേക് ആനന്ദ്, കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽ ദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, നിരൂപകൻ ഡോ. എം.രാജീവ് കുമാർ, നടി ജലജ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ. നാളെ മന്ത്രി എ.കെ. ബാലന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.

മികച്ച ചിത്രം, നടൻ, സംവിധായകൻ എന്നീ മേഖലകളിൽ കടുത്ത മൽസരം നടക്കുമെന്നുറപ്പാണ്. പ്രധാന പുരസ്കാരങ്ങള്‍ക്ക് മായാനദി, തൊണ്ടിമുതലും ദൃക്സാക്ഷിയും, ടേക്ക് ഓഫ്, അങ്കമാലി ഡയറീസ്, ഈ മ യൗ, പറവ, അതിശയങ്ങളുടെ വേനല്‍, ഏദന്‍ തുടങ്ങിയ ചിത്രങ്ങളാണ് പരിഗണിക്കപ്പെടുന്നത് എന്നാണ് വിവരം.

ലിജോ ജോസ് പെല്ലിശേരി, ആഷിക് അബു, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മഹേഷ് നാരായണന്‍, സനല്‍കുമാര്‍ ശശിധരന്‍, ജയരാജ് തുടങ്ങിയ സംവിധായകര്‍ വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടും. 

നടന്‍മാരില്‍ ഏറെ സാധ്യത കല്‍പിക്കപ്പെടുന്നത് ഫഹദ് ഫാസിലിനാണ്. ഗ്രേറ്റ്ഫാദറിലൂടെ മമ്മൂട്ടിയും വില്ലനിലൂടെ മോഹൻലാലും അവസാനഘട്ടത്തില്‍ മൽസരരംഗത്തുണ്ട്. തൊണ്ടിമുതലും ദൃക്​സാക്ഷിയും എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ഫഹദിന് തുണയാകുന്നത്. 

ഒപ്പം ടേക്ക് ഓഫും ഫഹദിന് കരുത്താകുന്നു. കറുത്ത ജൂതനിലൂടെ സലീംകുമാറും പരീത് പണ്ടാരിയിലൂടെ കലാഭവന്‍ ഷാജോണും ഈ മ യൗവിലൂടെ ചെമ്പന്‍ വിനോദ് ജോസും പ്രതീക്ഷാ സാന്നിധ്യമാകുന്നു. രാമലീലയിലൂടെ ദിലീപും മൽസരരംഗത്തുണ്ട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻപോളി, ജയസൂര്യ, ദുൽഖർ സൽമാൻ, ആസിഫ് അലി, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് മൽസരരംഗത്തുള്ള മറ്റുനടൻമാർ. കുഞ്ഞിരാമന്‍റെ കുപ്പായം എന്ന ചിത്രത്തിലെ അഭിനയത്തിന് തലൈവാസല്‍ വിജയി ജൂറിയുടെ പ്രശംസ പിടിച്ചുപറ്റിയതായി വാര്‍ത്തകളുണ്ട്. 

മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മഞ്ജുവാരിയരും പാർവതിയും തമ്മിലാകും പ്രധാന മൽസരമെന്നാണ് സൂചന.മായാനദിയിലെ പ്രകടനത്തിന് ഐശ്വര്യാ ലക്ഷ്മിയും സാന്നിധ്യമറിയിക്കുന്നു.

യുവാക്കളുടെ മികച്ച മുന്നേറ്റം പ്രകടമായിരുന്നു കഴിഞ്ഞ വർഷം. അത്  പുരസ്കാരനിർണയത്തിലും  പ്രതിഫലിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മികച്ച  സിനിമകളുടെ പട്ടികയിൽ ബഹുഭൂരിപക്ഷവും യുവനിരയുടെ ചിത്രങ്ങളാണ്. സനൽകുമാർ ശശിധരന്റെ വിവാദ ചിത്രം എസ്.ദുർഗയും മൽസരരംഗത്തുണ്ട്. 

കലാമൂല്യമുള്ള സിനിമയുടെ വക്താക്കളായ മികച്ച ജൂറിയാണ് ഇത്തവണ പുരസ്കാരം നിർണയത്തിലെന്നതിനാൽ മൽസരത്തിൽ മാറ്റുരയ്ക്കുന്ന കലാമൂല്യമുള്ള സിനിമകളൊരുക്കിയ യുവ സംവിധായകർ ഏറെ പ്രതീക്ഷയിലാണ്.