മാമാങ്കം തിയേറ്ററുകളിലെത്തിയപ്പോൾ അതിന്റെ വിശേഷങ്ങൾ പങ്കുവച്ചിരുന്ന ഒരാളെ കാണാൻ ആരാധകർക്ക് കഴിഞ്ഞില്ല. നീരജ് മാധവ് സിനിമയിൽ അഭിനയിച്ചിട്ട് ഇപ്പോൾ എവിടെ എന്ന് ആരാധകർ ചോദിച്ചതോടെയാണ് താരം വിശദീകരണവുമായി എത്തിയത്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് അഭിനയിച്ചത്. പക്ഷേ സിനിമയുടെ തിരക്കഥയിലും സംവിധാനത്തിലുമൊക്കെ വലിയ മാറ്റങ്ങൾ വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. സിനിമയ്ക്ക് യോജിക്കാതെ വന്നതോടെ അഭിനയിച്ച ഫൈറ്റ് സീക്വൻസ് മാറ്റി വയ്ക്കുകയായിരുന്നുവെന്നാണ് നീരജ് പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ...

'മാമാങ്കത്തിൽ കണ്ടില്ലല്ലോ എന്ന് ചോദിച്ചവരോടാണ്.. അതിഥി വേഷമായിരുന്നു ചിത്രത്തിൽ. കഴിഞ്ഞ ഏപ്രിലിൽ ഒരാഴ്ചയോളം നീണ്ട ഷൂട്ടിങുമുണ്ടായിരുന്നു. ഗസ്റ്റ് അപ്പിയറൻസ് ആണെങ്കിലും പ്രാധാന്യമുള്ളതിനാൽ കളരിപ്പയറ്റും ആയോധന മുറകളും കുറച്ചധികം പരിശീലിച്ചു. പക്ഷേ കാര്യങ്ങൾ പെട്ടെന്ന് തകിടം മറിഞ്ഞതോടെ തിരക്കഥയിലും സംവിധാനത്തിലും ടീമിലുമെല്ലാം മാറ്റങ്ങളുണ്ടായി. തുടർന്നുണ്ടായ സിനിമയുടെ ഭാഗങ്ങളോട് എന്റെ ഫൈറ്റ് സീക്വൻസ് യോജിക്കാതെ വന്നതോടെ ഒഴിവാക്കുകയാണെന്ന കാര്യം അറിയിച്ചു.

അൽപം വേദനിപ്പിക്കുന്നതായിരുന്നുവെങ്കിലും അതൊരു നല്ല തീരുമാനമായാണ് എനിക്ക് തോന്നുന്നത്. അതിനെ കുറിച്ച് എനിക്കൊരു പരാതിയും ഇല്ല. ഒഴിവാക്കിയ ആ ഭാഗം ഡിലീറ്റഡ് സീനുകൾ യൂട്യൂബിൽ അപ്​ലോഡ് ചെയ്യുമ്പോൾ നിങ്ങൾക്ക് കാണാൻ സാധിക്കും. മാമാങ്കത്തിന്റെ എല്ലാ ടീമംഗങ്ങൾക്കും ആശംസകൾ. ഏറെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനുള്ള കാത്തരിപ്പ് ഇനിയും നീളും.'