വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലും പലർക്കും മോശം അനുഭവങ്ങളുണ്ടാകാറുണ്ട്. അത്തരത്തിലൊരു അനുഭവത്തിൽ രോഷം പ്രകടിപ്പിക്കുകയാണ് ബോളിവുഡ് നടി  സോനം കപൂർ. ബ്രിട്ടീഷ് എയർവേയ്സിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് സോനം ട്വിറ്ററിൽ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു സോനം. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തന്റെ ബാഗ് എയർലൈനിൽ നിന്ന് നഷ്ടമായ വിവരം സോനം അറിയുന്നത്. ഇത് രണ്ടാമത്തെ തവണയാണ് ബാഗ് നഷ്ടപ്പെടുന്നത് എന്നായതോടെ താരം അസ്വസ്ഥത തുറന്നുപ്രകടിപ്പിച്ചു.

 

''ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് ബ്രിട്ടീഷ് എയർവേയ്സിനൊപ്പം യാത്ര ചെയ്യുന്നത്. രണ്ടാമത്തെ തവണയാണ് അവരെന്റെ ബാഗ് നഷ്ടപ്പെടുത്തുന്നത്. ഞാൻ പാഠം പഠിച്ചു. ഇനിയൊരിക്കലും ബ്രിട്ടീഷ് എയര്‍വേയ്സിൽ യാത്ര ചെയ്യില്ല'- സോനം കുറിച്ചു. 

 

പിന്നാലെ നിരവധി പേർ എയർലൈനെ വിമർശിച്ച് രംഗത്തെത്തി.ബ്രിട്ടീഷ് എയർവേയ്സിൽ നിന്ന് തന്റെയും ബാഗ് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി നടി പൂജ ഹെഗ്ഡെയും രംഗത്തെത്തി. നഷ്ടപ്പെട്ട ബാഗ് അവർ പിന്നീട് കൊറിയർ ചെയ്ത് നൽകുകയായിരുന്നുവെന്നും ഇത് സ്ഥിരം പരിപാടിയാണെന്നും പൂജ കുറിച്ചു.