ജൻമദിനത്തിനു പല സർപ്രൈസുകളും മറ്റുള്ളവർ ഒരുക്കാറുണ്ട്. കൂടാതെ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നവരും ഉണ്ട്. എന്നാൽ നടി നിക്കോൾ റിച്ചി തന്റെ നാൽപതാം ജൻമദിനം ഒരിക്കലും മറക്കാനിടയില്ല.
ഈ സെപ്റ്റംബർ 21ന് താരത്തിന്റെ നാൽപതാം ജന്മദിനം ആയിരുന്നു. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആഘോഷം. നിക്കോളിന്റെ ചിത്രമുള്ള മനോഹരമായ കേക്കായിരുന്നു ആഘോഷത്തിനായി ഒരുക്കിയിരുന്നത്. ഇതിന്റെ ചുറ്റിലുമായി മെഴുകുതിരികളും കത്തിച്ചു വച്ചിരുന്നു. കേക്ക് മുറിക്കുന്നതിനു മുമ്പായി ഇവ ഊതി കെടുത്തവേ, മുടിയിലേക്ക് തീ പടരുകയായിരുന്നു. ഇരുവശത്തും തീ പടർന്നതോടെ നിക്കോൾ പരിഭ്രാന്തയാകുന്നതും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തീ അണയ്ക്കാൻ സുഹൃത്തുക്കൾ താരത്തെ സഹായിക്കുന്നതും വിഡിയോയിലുണ്ട്.
ഒരു തീയുടെ ഇമോജിക്കൊപ്പം ‘അങ്ങനെ 40 വയസ്സായി’ എന്നു വിഡിയോ പങ്കുവച്ച് നിക്കോൾ കുറിച്ചു. താരത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് സഹതാരങ്ങളും ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.
അമേരിക്കൻ ടെലിവിഷൻ രംഗത്തെ മിന്നും താരങ്ങളിലൊരാളായ നിക്കോൾ ‘സിംപിൾ ലൈഫ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്തയാകുന്നത്.