geethi-sangeetha

 

‘ചുരുളിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പെങ്ങള്‍ തങ്കയുടെ പെണ്‍ ശബ്ദം ശരിക്കും ആരാണ്? ദുര്‍മന്ത്രവാദിനിയോ തിരുമ്മലുകാരിയോ പ്രകൃതിയോ എന്നിങ്ങനെ പലമട്ടിലാണ് വ്യഖ്യാനങ്ങള്‍. എന്നാല്‍ ഇതില്‍ എല്ലാമാണ് ഞാന്‍..’ ചുരുളിയിലൂടെ പ്രേക്ഷകര്‍ക്ക് അമ്പരപ്പ് സമ്മാനിച്ച ആ കഥാപാത്രം ചെയ്ത ഗീതി സംഗീത പറയുന്നു. പെങ്ങള്‍ തങ്ക പലര്‍ക്കും പലതാണ്. അതുകൊണ്ടാണ് ലിജോ ജോസ് പെല്ലിശേരി അതിനെ സിനിമയായല്ല, ചുരുളിയായി കാണണമെന്ന് പറഞ്ഞതെന്നും ഗീതി പറയുന്നു. ചുരുളി സിനിമയിറങ്ങി ദിവസങ്ങള്‍ കടന്നുപോയിട്ടും ഗീതി ഇപ്പോഴും ചുരുളിയില്‍ കറങ്ങുകയാണ്. 'എത്ര സമത്വസുന്ദരമാണ് ആ ലോകം'– ഗീതി സംഗീത മനസുതുറക്കുന്നു. 

അപ്രതീക്ഷിത ഫോണ്‍കോള്‍ 

കഥാപാത്രത്തിനു വേണ്ടി തടി കൂട്ടണമെന്നാണ് പറഞ്ഞിരുന്നത്. പെങ്ങള്‍ തങ്കയെന്ന കഥാപാത്രം ചെയ്യാന്‍ എനിക്ക് പറ്റുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് കഥാപാത്രമാകാന്‍ വലിയ കുഴപ്പമൊന്നുമുണ്ടായില്ല. വസത്രാലങ്കാരം മഷർ ഹംസയാണ് ചെയ്തത്. മുണ്ടും ബ്ലൗസും മാത്രമാണ് സിനിമയിലെ വസ്ത്രമെന്ന് നേരത്തെ എന്നെ മഷര്‍ വിളിച്ച് പറഞ്ഞിരുന്നു. പിന്നെ ഒരു നിമിഷം പോലും ആലോചിച്ചില്ല. അതൊരു ലിജോ ജോസ് പെല്ലിശേരി സിനിമയാണ്. സിനിമ ചര്‍ച്ചയാകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, അത് ഏത് ലെവല്‍ വരെ പോകുന്നുവെന്ന് മനസിലാക്കാന്‍ ഇനിയും സമയമെടുക്കും. 

ചുരുളി സമത്വസുന്ദരം 

സമത്വസുന്ദരമായ ഒന്നുണ്ടെങ്കില്‍ അത് ചുരുളിയാണ്. പുരുഷനായാലും സ്ത്രീയായാലും അവരവരുടെ വ്യക്തിത്വത്തില്‍ നില്‍ക്കുന്ന സ്ഥലമാണ് ചുരുളി. ഇപ്പോഴത്തെ സാഹചര്യത്തില്‍ കഥയ്ക്ക് നല്ല പ്രസക്തിയുണ്ട്. സ്ത്രീകള്‍ തെറിപറയാമോ എന്ന തരത്തിലും ആളുകള്‍ ഇങ്ങനെ പറഞ്ഞു നടക്കുന്നു. ആരും അറിഞ്ഞുകൊണ്ട് പറയുന്നതല്ലല്ലോ തെറി. സാഹചര്യങ്ങളല്ലേ അങ്ങനെ പറയിപ്പിക്കുന്നത്. തെറിപറയുന്നതില്‍ സ്ത്രീയോ പുരുഷനോ എന്നില്ല. ഞാനായിരുന്നു അവിടെ ആകെയുണ്ടായിരുന്ന ഒറ്റ സ്ത്രീ. അവിടെ എനിക്ക് ഒരു അസ്വസ്ഥതയും നേരിടേണ്ടിവന്നില്ല. അതുകൊണ്ട് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. 

ഭാഷയും വേഷവും 

ഭാഷ ഇടുക്കി സ്ലാങ്ങ് തന്നെയാണ്. സ്ക്രിപ്്റ്റും അങ്ങനെ തന്നെയായിരുന്നു. അതുകൊണ്ട് അത് ബുദ്ധിമുട്ടായിരുന്നില്ല. തന്ന റോള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞു. ഒരുപാട് അടരുകളുള്ള കഥാപാത്രമാണ്. ഒരു നിമിഷം പോലും ആലോചിച്ചില്ല. അതൊരു ലിജോ ജോസ് പെല്ലിശേരി സിനിമയാണ്. അദ്ദേഹത്തിന്‍റെ സിനിമ ആയതുകൊണ്ട് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.  പെങ്ങള്‍ തങ്കയെക്കുറിച്ച് എല്ലാവര്‍ക്കും ഒരേ അഭിപ്രായമേയുള്ളൂ. അത് ഗീതി തന്നെയെന്ന്. ഈ കഥാപാത്രം ചെയ്യാന്‍ വേണ്ടിയാണ് ഗീതി അഭിനയത്രി ആയതെന്ന് തോന്നുന്നുവെന്ന് സുഹൃത്തുക്കളും പറഞ്ഞു. 

സെറ്റിലെ കഥകള്‍ 

എല്ലാവരും സെറ്റിലേക്ക് പോകുന്നത് ജീപ്പിലായിരുന്നു. കാരവന്‍ ഒന്നും ഇല്ലാത്തതുകൊണ്ട് എല്ലാ അഭിനേതാക്കളും ഒന്നിച്ചിരിക്കുകയും തമാശ പറയുകയും ചെയ്തിരുന്നു. പരസ്പരം സംസാരിക്കുമ്പോള്‍ ജാഫറിക്കയും എല്ലാരും ഒത്തിരി കഥകള്‍ പറയുമായിരുന്നു. അതൊക്കെ കാരണം സെറ്റ് ഉഷാറായിരുന്നു. ഷൂട്ട് നടക്കുമ്പോള്‍ ഭയങ്കരമായ അട്ട ശല്യമുണ്ടായിരുന്നു. സെറ്റിലെത്തിയപ്പോഴേ അട്ടയുണ്ട് സൂക്ഷിച്ചോ എന്ന് പറഞ്ഞിരുന്നു. സെറ്റില്‍ ആണ്‍–പെണ്‍ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. പെണ്‍ സുഹൃത്തെന്ന് പറഞ്ഞ് വേര്‍തിരിക്കുന്നത് എന്‍റെ കാര്യത്തില്‍ ഇല്ലായിരുന്നു. പല പുരുഷ സുഹൃത്തുക്കളും എന്നോട് പറയും, അടുത്തൊരു സ്ത്രീ ഇരിക്കുന്നത് പോലെ തോന്നാറില്ലെന്ന്. ഞാന്‍ എല്ലാവരോടും അങ്ങനെ ആയതുകൊണ്ടാകാം എനിക്ക് സെറ്റിലും ഒറ്റയ്ക്കാണെന്ന് തോന്നിയില്ല. 

പഠിച്ചതും അറിഞ്ഞതും 

മനസ് പറയുന്നത് ചെയ്യുക. മനസില്‍ വിചാരിക്കുന്ന കാര്യം അദ്ദേഹത്തിനു മനസിലാകുന്നുണ്ടായിരുന്നു. വിനയ് ഫോര്‍ട്ടുമായുള്ള  സീന്‍ അങ്ങനെയായിരുന്നു. ആ സമയത്ത് ഒരല്‍പ്പം ആശങ്കയുണ്ടായിരുന്നു. പക്ഷേ, അതൊന്നും പ്രകടിപ്പിക്കാതെ വീണ്ടും ലിജോ സര്‍ ഒന്നൂകൂടി ചെയ്യാന്‍ പറ‍ഞ്ഞു. ആ സാഹചര്യം മനസിലാക്കി സീന്‍ ചെയ്യുക എന്നു സര്‍ പറ‍ഞ്ഞു. ഇതൊക്കെ എന്നെ സംബന്ധിച്ച് വലിയ വലിയ പാഠങ്ങളായിരുന്നു. 

ഓഡീഷനില്ലാതെ ചുരുളിയില്‍.. 

ചുരുളി ടീമില്‍ നിന്നാദ്യം വിളിച്ചപ്പോള്‍ എന്നെ എങ്ങനെ അറിയാമെന്ന് ചോദിച്ചു. അപ്പോഴാണ് ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ച് അറിയുന്നത്. എന്നെക്കൊണ്ടാകുമെന്ന് അദ്ദേഹത്തെ പോലൊരു സംവിധായകനെ തോന്നിപ്പിച്ചതില്‍ സന്തോഷമുണ്ട്. ഇതില്‍ എനിക്ക് അഭിമാനിക്കാവുന്നതാണ്. ഒരു ലോക നിലവാരത്തിലുള്ള സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ ഭയങ്കര 'ബ്ലെസ്ഡ് ' ആയി കാണുന്നു. ചുരുളിക്ക് ഓഡിഷൻ പോലും ഇല്ലാതെയാണ് വന്നത്.

പെണ്‍ ശബ്ദം ഉയരുന്നു.. 

ഭയങ്കര സ്വീറ്റ് ശബ്ദമല്ല എന്‍റേത്. എന്‍റെ ശബ്ദത്തിന് ഉതകുന്ന കഥാപാത്രമായിരുന്നു ഇതെന്ന രീതിയിലായിരുന്നു അഭിപ്രായങ്ങള്‍. എന്‍റെ ശബ്ദംകൂടി വന്നതുകൊണ്ടാണ് ആ കഥാപാത്രത്തിന് പൂര്‍ണ്ണത കിട്ടിയത്. ഒരു കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയെന്ന് പറയുന്നത് അഭിനയിക്കുന്നവര്‍ തന്നെ ശബ്ദം കൊടുക്കുമ്പോഴാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഇത് എനിക്ക് തന്നെ പറഞ്ഞുവച്ച കഥാപാത്രമായി തോന്നുന്നു. നിയോഗം പോലെ ഗീതിയിലേക്ക് വന്നതാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. അതുകൊണ്ട് ആ കഥാപാത്രത്തില്‍ ഒരുപാട് അഭിമാനിക്കുന്നു. സ്ത്രീ ശബ്ദം ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. 

ചുരുള്‍ അഴിയുമോ? 

പറയാതെ പറയുന്ന ഒരുപാട്  കാര്യങ്ങളുണ്ട് സിനിമയിൽ. ആളുകള്‍ അതിന്‍റെ ചുരുള്‍ അഴിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഐഎഫ്എഫ്കെയില്‍വച്ച് ലിജോ സാറിനോട് സിനിമയെ പറ്റി പറയാന്‍ പറഞ്ഞപ്പോള്‍ രണ്ടുവാക്ക് പറഞ്ഞു. 'ഇതൊരു സിനിമയല്ല, ചുരുളിയാണ്' അതുകൊണ്ടാണ് ആദ്യം കണ്ട് തെറി പറഞ്ഞ് വിമര്‍ശിച്ച ആളുകള്‍ കൂടുതല്‍ ചിന്തിക്കാന്‍ കാരണമായത്. തെറിയല്ലല്ലോ എന്ന് മിക്കവര്‍ക്കും തോന്നിയത് അപ്പോഴാകാം. കാണാതെ സോഷ്യല്‍ മീഡിയ ക്ലിപ്പ് മാത്രം കണ്ട് പ്രതികരിക്കുന്നവരായിരുന്നു പലരും. പല രീതിയില്‍ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇതിനു ശമനമുണ്ടായെന്ന് തോന്നുന്നു. 

ട്രെയിലറില്‍ എന്‍റെ ശബ്ദം കേട്ടപ്പോള്‍ ശരിക്കും കരഞ്ഞുപോയി. ഡബ്ബിങ്ങ് നേരത്തെയും ചെയ്യുന്നുണ്ട്. സിനിമയില്‍ അഭിനയിച്ചതില്‍ എനിക്കു കിട്ടാവുന്ന വലിയ ബഹുമതി അഭിപ്രായങ്ങള്‍ പറയുന്നവര്‍ തന്നെ. സിനിമ കഴിഞ്ഞിട്ടും ചുരുളി എഫെക്ട് എന്നില്‍ നിന്നും വിട്ടുപോകുന്നില്ല. ഞാനിപ്പോഴും ചുരുളിയില്‍ ചുറ്റിക്കൊണ്ടിരിക്കുന്നു. അടുത്തൊന്നും അതില്‍ നിന്നിറങ്ങാന്‍ സാധ്യതയില്ല.  

രാജീവ് രവിയുടെ തുറമുഖം, ശരത് മേനോന്‍റെ വെയില്‍, സിദ്ദാര്‍ത്ഥ് ഭരതന്‍റെ ചതുരം, മിഥുന്‍ മാനുവല്‍ തോമസിന്‍റെ പുതിയ ചിത്രം, അങ്ങനെ ഇനി വരാനിരിക്കുന്ന സന്തോഷങ്ങളും സിനിമകളും നീളുന്നു. എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്– ഗീതി പറയുന്നു.